‘മെസ്സി, മെസ്സി, മെസ്സി’...; മകന്റെ ചെവിയിൽ പേരു ചൊല്ലി വിളിച്ചു; ആരവം മുഴക്കി ആരാധകരും

kid-messiN
ചാലക്കുടി ഇൻഡോർ സ്റ്റേഡിയത്തിൽ മെസ്സിയുടെ പേരിടാനായി എത്തിയ ദമ്പതികളായ പടിഞ്ഞാറേ ചാലക്കുടി കല്ലൂപ്പറമ്പിൽ ഷനീറും ഫാത്തിമയും കുഞ്ഞിന്റെ ചെവിയിൽ മെസ്സി എന്ന് പേര് ചൊല്ലി വിളിക്കുന്നു. ചിത്രം: മനോരമ
SHARE

ചാലക്കുടി: അർജന്റീനയ്ക്കു വേണ്ടി പ്രിയ താരം മെസ്സി അടിച്ച ഗോളിന്റെ ആവേശവും ആരവവും മുഴങ്ങി നിന്ന ചാലക്കുടി നഗരസഭ ഇൻഡോർ സ്റ്റേഡിയത്തിൽ മെസ്സിയുടെ ആരാധകൻ ആ സമയത്ത് മകന്റെ ചെവിയിൽ ഇങ്ങനെ പേരു ചൊല്ലി വിളിച്ചു: മെസ്സി, മെസ്സി, മെസ്സി. പടിഞ്ഞാറേ ചാലക്കുടി കല്ലൂപറമ്പിൽ ഷനീർ - ഫാത്തിമ ദമ്പതികളാണ് അർജന്റീന - സൗദി അറേബ്യ മത്സരത്തിന്റെ ഇടവേളയിൽ മകനു പേരിട്ടത്.

പേരിടാനായി എത്തിച്ചപ്പോൾ കുഞ്ഞു മെസ്സിയും അർജന്റീനയുടെ ജഴ്സി അണിഞ്ഞു. 28-ാം ദിവസം അങ്ങനെ ലോകത്തെ ത്രസിപ്പിച്ച ആ പേര് സ്വന്തമാക്കി–മുഴുവൻ പേര് ഐദിൻ മെസ്സി. വിവാഹം കഴിഞ്ഞ അധികം വൈകാതെ ദമ്പതികൾ തീരുമാനിച്ചു. ആദ്യം ആൺകുട്ടിയാണെങ്കിൽ പേര് മെസ്സിയുടേത് തന്നെയാകും. പേരിടുമ്പോൾ മുഴുവൻ ആരാധകരും മെസ്സി, മെസ്സി, മെസ്സി എന്ന് വിളിച്ച് ആരവം മുഴക്കി.

നഗരസഭാധ്യക്ഷൻ എബി ജോർജ്, മുൻ നഗരസഭാധ്യക്ഷൻ വി.ഒ. പൈലപ്പൻ, നഗരസഭ പാർലമെന്ററി പാർട്ടി ലീഡർമാരായ ഷിബു വാലപ്പൻ, സി.എസ്. സുരേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. അർജന്റീനയുടെ പതാകയുടെ നിറമുള്ള കേക്ക് മുറിച്ച് മധുരം പങ്കു വച്ചാണ് മെസ്സിയും മാതാപിതാക്കളും സ്റ്റേഡിയം വിട്ടത്.

MORE IN SPOTLIGHT
SHOW MORE