നിർത്താതെ വട്ടം കറങ്ങി ആടുകൾ; ഒടുവിൽ കാരണം കണ്ടെത്തി; നിഗൂഢത മറനീക്കുന്നു

12 ദിവസമായി തുടർച്ചയായി വട്ടത്തിൽ ചുറ്റിനടക്കുന്ന ചെമ്മരിയാടുകളുടെ നിഗൂഢതയുടെ ചുരുളഴിഞ്ഞു. ഫാമിലെ നൂറ് കണക്കിന് ആടുകൾ നിർത്താതെ വട്ടത്തിൽ ചുറ്റി നടക്കുന്നതിത് എന്തുകൊണ്ടാണെന്ന ആശങ്കയിലായിരുന്നു കാഴ്ചക്കാർ. വടക്കൻ ചൈനയിലെ ഇന്നർ മംഗോളിയ എന്ന പ്രദേശത്തെ ഒരു ഫാമിലെ ആടുകളാണ് വിചിത്ര രീതിയിൽ പെരുമാറിയത്.

പീപ്പിൾസ് ഡെയ്‌ലിയാണ് ഈ വിഡിയോ പുറത്തു വിട്ടത്. ആടുകൾ പൂർണ ആരോഗ്യമുള്ളവയാണെന്നും എന്നാൽ ഈ വിചിത്രമായ നടത്തത്തിന്റെ കാരണം ദുരൂഹമായി തുടരുന്നുവെന്നുമാണ് അവർ റിപ്പോർട്ട് ചെയ്തത്. തുടർച്ചയായി 10–12 ദിവസങ്ങളോളമായി ആടുകൾ വട്ടത്തിൽ വെറുതെ നടക്കുകയാണെന്ന വാർത്ത ആളുകളെ അദ്ഭുതപ്പെടുത്തി. ഫാമിൽ ഒരുപാട് തൊഴുത്തുകളുണ്ടെങ്കിലും അതിലെ 13–ാം നമ്പര്‍ തൊഴുത്തിലെ ആടുകൾ മാത്രമാണ് ഇത്തരത്തിൽ പെരുമാറിയതെന്നതാണ് രസകരമായ കാര്യം.. എന്തുകൊണ്ടാണ് ആടുകൾ ഇത്തരത്തിൽ വിചിത്രമായി പെരുമാറിയതെന്ന ചോദ്യത്തിന് ഉത്തരവുമായെത്തിയത് ഇംഗ്ലണ്ടിലെ ഹാട്ട്പുരി സർവകലാശാലയിലെ കാർഷിക ഗവേഷകനായ പ്രൊഫസർ മാറ്റ് ബെൽ ആണ്.

വളരെക്കാലമായി ആ തൊഴുത്തിൽ തന്നെയാകാം ആടുകളെ പാർപ്പിച്ചിരുന്നത്. സ്ഥിരമായി ഒരേ സ്ഥലത്ത് തുടരുന്നതിൽ നിന്ന് ഉടലെടുത്ത വിരസത നിരാശയിലേക്ക് വഴിമാറിയതാണ് ആടുകൾ ഇത്തരത്തിൽ പെരുമാറാൻ കാരണമെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ. വർധിച്ച നിരാശാബോധമാണ് ആടുകളെ നിർത്താതെ വട്ടം കറങ്ങാൻ പ്രേരിപ്പിച്ചത്. ആദ്യം കുറച്ച് ആടുകൾ മാത്രമാണ് ഇത്തരത്തിൽ വട്ടം കറങ്ങിയത്. പിന്നീട് അവയ്ക്ക് പിന്തുണ നൽകാനെന്നപോലെ തൊഴിത്തിലെ ഭൂരിഭാഗം ആടുകളും നിർത്താതെ വട്ടം കറങ്ങുകയായിരുന്നു. 

മറ്റ് തൊഴുത്തിലെ ആടുകൾക്കൊന്നും ഈ പ്രശ്നമില്ലെന്നും ഉടമയായ മിലോവോ വിശദീകരിച്ചു. നവംബർ 4 മുതലാണ് ആടുകൾ ഇത്തരത്തിൽ പെരുമാറാൻ തുടങ്ങിയത്. ആടുകൾ കൂട്ടാമായി ജീവിക്കുന്ന ജീവികളാണ്. അതുകൊണ്ട്തന്നെ അവ കൂട്ടത്തിലുള്ള ജീവികളുടെ ചെയ്തികളെ പിന്തുടരുന്നത് സ്വാഭാവികമാണ്. ഇതുവരെ ആടുകൾ വട്ടം ചുറ്റുന്നത് നിർത്തിയോ എന്നോ അവ ഭക്ഷണം വെള്ളവും കൃത്യമായി കഴിക്കുന്നുണ്ടോയെന്നതും വ്യക്തമല്ല. ഫാമിൽ 34 തൊഴുത്തുകളിലായാണ് ആടുകളെ പാർപ്പിച്ചിരിക്കുന്നത്. ഇതിൽ ഒരു തൊഴുത്തിലെ ആടുകൾ മാത്രമാണ് ഇത്തരത്തിൽ വിചിത്രമായി പെരുമാറുന്നതെന്നും ഉടമ വ്യക്തമാക്കി.