
അര്‍ജന്റീനയുടെ തോൽവിക്ക് പിന്നാലെ ആശ്വാസം കണ്ടെത്താൻ പണിപ്പെടുകയാണ് ആരാധകർ. ഏതിർ ടീമുകളുടെ പരിഹാസത്തിൽ നിന്നും രക്ഷപെടാൻ വാക്കുകൾ െകാണ്ടുള്ള പ്രതിരോധവും ആരാധകർ തീർക്കുന്നു. ഇക്കൂട്ടത്തിൽ ഒരു മലയാളിയുടെ ‘മെസ്സി’ വിളിയാണ് ഇപ്പോൾ വൈറൽ. ‘മെസ്സി..മെസ്സി.. അബു പയ്യോളി.. അബു ഷംനാദ് പയ്യോളി...’ ഗ്രൗണ്ടിൽ ഉണ്ടായിരുന്ന മെസ്സിയെ നോക്കി ആ മലയാളി വിളിച്ചു. ഈ വിഡിയോ പങ്കുവച്ച് ‘മെസ്സിയുടെ ശ്രദ്ധ തിരിച്ച് കളിയുടെ ഗതി മാറ്റിയ പയ്യോളിക്കാരൻ അബുവിനെ തേടി അർജൻ്റീന ആരാധകർ.’ എന്ന തലക്കെട്ട് നൽകുന്നവരും ഏറെയാണ്.
36 മത്സരങ്ങൾ, നീല ജഴ്സിയണിഞ്ഞ്, ബ്യൂണസ് ഐറിസ് മുതൽ കേരളം വരെയുള്ള ഓരോ അർജന്റീന ആരാധകരും ലോകകപ്പിലെ ആദ്യ മത്സരത്തിനായി കാത്തിരുന്നത് ഈ സംഖ്യ മനസ്സിൽ കണ്ടാണ്. 36 മത്സരങ്ങളിൽ തോല്‍വിയറിയാതെ മുന്നേറിയ അര്‍ജന്റീനയുടെ സൗദിക്കെതിരായ തോല്‍വിയില്‍ ഞെട്ടിയത് അവരുടെ ആരാധകർ മാത്രമല്ല, ബ്രസീലിൽ തുടങ്ങി ലോകകപ്പിലെ മറ്റ് എല്ലാ ടീമുകളുടെയും ആരാധകരും കൂടിയാണ്. സൗദി അറേബ്യയോട് 2–1ന്റെ തോല്‍വിയാണ് അർജന്റീന വഴങ്ങിയത്. നാല് ലോകകപ്പുകളിൽ തുടർച്ചയായി ഗോളടിക്കുന്ന അര്‍ജന്റീന താരമെന്ന റെക്കോർഡ് ഈ മത്സരത്തോടെ മെസ്സിയുടെ പേരിലായെങ്കിലും ലോക ഫുട്ബോളിൽ അത്രയൊന്നും തലയെടുപ്പില്ലാത്ത സൗദിയോടേറ്റ തോൽവിയിൽ അതെല്ലാം മുങ്ങിപ്പോയി.