‘നാന്..ഷാഫി..രാഹുൽ‌..; ഈ ബെൽറ്റ് കളി കാണാൻ പോയി’; ങ്ങാ, ചുമ്മാതല്ലെന്ന് ബൽറാം

messi-shafi
SHARE

അർജന്റീന ആരാധകരെ തിരഞ്ഞുപിടിച്ച് ട്രോളി സന്തോഷിക്കുന്നവരുടെ എണ്ണം കഴിഞ്ഞ മണിക്കൂറിൽ വല്ലാതെ വർധിക്കുകയാണ്. കളി നേരിട്ട് കണ്ട് വിലയിരുത്താൻ ഖത്തറിന് പോയ യൂത്ത് കോൺഗ്രസ് നേതാക്കളുടെ ചിത്രം പങ്കിട്ട് ആദ്യം ട്രോളിയത് വി.ടി ബൽറാമാണ്. ഷാഫിയും യുവനേതാക്കൾക്കൊപ്പം സ്റ്റേഡിയത്തിൽ നിൽക്കുന്ന ചിത്രം പങ്കിട്ട് ‘ങാ... ചുമ്മാതല്ല’ എന്നാണ് ബൽറാം പരിഹസിച്ചത്. ‘എന്നാലും നുമ്മ 'അര' തന്നെയാണ് ഭായ്..’ എന്ന് ഷാഫിയുടെ മറുപടിയും പിന്നാലെ എത്തി.

മെസ്സി ആദ്യ ഗോൾ അടിച്ചപ്പോൾ തുള്ളിച്ചാടിയ ടി.എൻ പ്രതാപൻ എംപിക്കും ഇപ്പോൾ കണക്കിന് കിട്ടുന്നുണ്ട് ട്രോളുകൾ. ‘സിംഹം പിന്നോട്ടായുന്നത് പേടിച്ചിട്ടല്ല, കുതിക്കാനാണ്.. ഞങ്ങൾ തിരിച്ചുവരും..’ എന്ന് പ്രതാപന്റെ മറുപടി. ഇങ്ങനെയാണേൽ ഉടൻ തിരിച്ച് പോകേണ്ടി വരുമെന്ന് ഉണ്ണിത്താന്റെ തിരിച്ചടി. അങ്ങനെ മെസ്സിക്കും പിള്ളേർക്കും അനുകൂല കമ്മിറ്റിക്കാർക്കും ട്രോളോട് ട്രോളാണ് സൈബറിടത്ത്.

ഇതിഹാസ താരം ലയണൽ മെസ്സിയുടെ കരിയറിന് പൂർണത നൽകാൻ ഒരു കിരീടം എന്ന ലക്ഷ്യവുമായെത്തിയ അർജന്റീനയുടെ കണ്ണീർ വീഴ്ത്തി ഖത്തർ ലോകകപ്പിലെ ആദ്യ അട്ടിമറി സൗദി അറേബ്യയുടെ പേരിൽ. ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ തേരോട്ടം കാണാൻ കാത്തുകാത്തിരുന്ന ആരാധക ലക്ഷങ്ങളെ കണ്ണീരിലാഴ്ത്തി, ലുസെയ്ൽ സ്റ്റേഡിയത്തിൽ സൗദി അറേബ്യയ്ക്ക് ഐതിഹാസിക വിജയം. ആദ്യ പകുതിയിൽ ലയണൽ മെസ്സി നേടിയ പെനൽറ്റി ഗോളിൽ പിന്നിലായിരുന്ന സൗദി, രണ്ടാം പകുതിയുടെ തുടക്കത്തിൽത്തന്നെ അഞ്ച് മിനിറ്റിനിടെ രണ്ടു ഗോൾ തിരിച്ചടിച്ചാണ് വിജയം സ്വന്തമാക്കിയത്. തുടർന്നങ്ങോട്ട് അർജന്റീനയുടെ അലകടലായുള്ള ആക്രമണങ്ങളെ കൂട്ടത്തോടെ പ്രതിരോധിച്ചും സൗദി വിജയം പിടിച്ചുവാങ്ങുകയായിരുന്നു.

ആദ്യ പകുതിയിൽ ഒരു ഗോളിനു പിന്നിലായിപ്പോയ സൗദി അറേബ്യ, രണ്ടാം പകുതിയിൽ അഞ്ച് മിനിറ്റിനിടെ രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് അർജന്റീനയെ ഞെട്ടിച്ചത്. സാല അൽ ഷെഹ്റി (48), സാലെം അൽ ഡവ്‌‍സാരി (53) എന്നിവരാണ് സൗദിക്കായി ഗോൾ നേടിയത്. ആദ്യ പകുതിയുടെ 10–ാം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസ്സി പെനൽറ്റിയിൽനിന്നാണ് അർജന്റീനയുടെ ഗോൾ നേടിയത്.

MORE IN SPOTLIGHT
SHOW MORE