ചരിത്രം ആറാടിയ ബംഗാള്‍ രാജ്ഭവന്‍; ആനന്ദബോസിന്റെ പുതിയ വീടിന്റെ കഥ

bose-governor
SHARE

എം.കെ.നാരായണന് ശേഷം കൊല്‍ക്കത്ത രാജ്ഭവനിലേക്ക് ആദ്യമായി ഒരു മലയാളി കടന്നുചെല്ലുകയാണ്. അദ്ദേഹത്തെക്കുറിച്ചല്ല ഈ പറയുന്നത്. അദ്ദേഹം താമസിക്കാന്‍ പോകുന്ന മന്ദിരത്തെക്കുറിച്ചാണ്. ഒന്നല്ല മൂന്ന് രാജ്ഭവനുകളാണ് ബംഗാള്‍ ഗവര്‍ണര്‍ക്കുള്ളത്. കൊല്‍ക്കത്തയിലും ഡാര്‍ജിലിങ്ങിലും ബാരക്പൂരിലുമുള്ള ഈ മൂന്ന് മന്ദിരങ്ങളും ഇന്ത്യയുടെയും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെയും ചരിത്രത്തിനൊപ്പം നടന്നവയാണ്. അധികാരത്തിന്റെയും ആഡംബരത്തിന്റെയും അവസാനവാക്കായിരുന്ന ആ ഇടനാഴികളിലേക്കാണ് സി.വി.ആനന്ദബോസ് കടന്നുചെല്ലുന്നത്. വിഡിയോ കാണാം; 

അധികാരം അതിന്റെ പരകോടിയില്‍ അനുഭവിച്ചവരാണ് ബ്രിട്ടീഷുകാര്‍. സൂര്യനസ്തമിക്കാത്ത സാമ്രാജ്യം പടുത്തുയര്‍ത്തിയവര്‍. ഇന്ത്യ എന്ന സ്വര്‍ണപ്പക്ഷിയായിരുന്നു ആ സാമ്രാജ്യത്തിന്റെ അടിത്തറ. കല്‍ക്കട്ട എന്ന അതിസമ്പന്നമായ നഗരത്തില്‍ നിന്നാണ് ഉപഭൂഖണ്ഡം മുഴുവന്‍ അവര്‍ അടക്കി ഭരിച്ചത്. ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണാധികാരിയായ ഗവര്‍ണര്‍ ജനറലിന്റെയും പിന്നീട് വൈസ്രോയിയുടെയും ആസ്ഥാനം. അതാണ് കല്‍ക്കട്ട നഗരഹൃദയത്തിലെ ഗവണ്‍മെന്റ് ഹൗസ്. ഇന്നത്തെ രാജ് ഭവന്‍. 

1799ല്‍ ഗവര്‍ണര്‍ ജനറലായിരുന്ന മാര്‍ക്വസ് വെല്ലസ്ലിയാണ് സ്വന്തമായി ആസ്ഥാനമന്ദിരം നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഇതിനായി ഇംഗ്ലണ്ടിലെ ഡെര്‍ബിഷെറിലുള്ള പ്രശസ്തമായ കെഡില്‍സ്റ്റണ്‍ ഹാളിന്റെ മാതൃക സ്വീകരിച്ചു. കെ‍ഡില്‍സ്റ്റണ്‍ കുടുംബാംഗമായ ലോര്‍ഡ് കഴ്സണ്‍ നൂറുവര്‍ഷത്തിനുശേഷം ഗവര്‍ണര്‍ ജനറലായി കല്‍ക്കട്ട ഗവണ്‍മെന്റ് ഹൗസില്‍ താമസിച്ചത് ചരിത്രത്തിലെ മറ്റൊരു കൗതുകം. 1799ല്‍ നിര്‍മാണം തുടങ്ങിയ മന്ദിരം നാലുവര്‍ഷത്തിനുശേഷം 1803ലാണ് പൂര്‍ത്തിയായത്. കെട്ടിടത്തിന്റെ പ്രൗഢിയില്‍ മതിമറന്ന വെല്ലസ്ലി പ്രഭു നിര്‍മാണം തീരുന്നതിന് ദിവസങ്ങള്‍ക്കുമുന്‍പേ ഇവിടെ താമസമാക്കി. കൊല്‍ക്കത്തയുടെ കണ്ണായ സ്ഥലത്ത് 27 ഏക്കറില്‍ നാല് എടുപ്പുകളുള്ള ബൃഹത്തായ മൂന്നുനിലക്കെട്ടിടം. എന്തുകൊണ്ടും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പ്രൗഢിക്കും കരുത്തിനും ചേര്‍ന്ന മന്ദിരം. മൂന്നുനിലകളിലായി 84000 ചതുരശ്ര അടി വിസ്തൃതി. സ്ഥലത്തിന്റെ അനുപാതം കൃത്യമായി പാലിച്ച് യൂറോപ്യന്‍ ശൈലിയില്‍ പൂന്തോട്ടങ്ങള്‍, വന്‍മരങ്ങള്‍, പുല്‍ത്തകിടികള്‍, ജലപാതകള്‍, ന‌ടപ്പാതകള്‍ എല്ലാം മന്ദിരത്തിന് അസാധാരണ പ്രൗഢി നല്‍കുന്നു. ചരിത്രപ്രസിദ്ധമായ യുദ്ധങ്ങളില്‍ എതിരാളികളില്‍ നിന്ന് പിടിച്ചെടുത്ത പീരങ്കികളും മറ്റ് ശേഷിപ്പുകളുമെല്ലാം രാജ്ഭവന്റെ പല ഭാഗങ്ങളിലായി കാണാം. 

അന്നത്തെ ഗവണ്‍മെന്റ് ഹൗസിന്റെ കവാടങ്ങള്‍ പോലും സാധാരണ ഇന്ത്യക്കാര്‍ക്ക് തീര്‍ത്തും അപ്രാപ്യമായിരുന്നു. പടുകൂറ്റന്‍ ഇരുമ്പുഗേറ്റുകളും പ്രധാന കവാടങ്ങള്‍ക്ക് മുകളിലുള്ള സിംഹപ്രതിമകളുമൊക്കെ അതിന്റെ സൂചകങ്ങള്‍ കൂടിയാണ്. 

ഇനി ഉള്ളിലേക്ക് കടന്നാല്‍ ബ്രിട്ടീഷ് കാലത്തുണ്ടായിരുന്ന അത്യാഡംബരത്തിന്റെ ശേഷിപ്പുകള്‍ ഇന്നുമുണ്ട്. ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറലിന്റെ സിംഹാസനം ഇന്നില്ലെങ്കിലും ഒന്നാംനിലയില്‍ ആ ഇടം അതേ പ്രൗഢിയില്‍ കാത്തുസൂക്ഷിക്കുന്നു. എട്ട് തൂണുകളുള്ള സ്വര്‍ണ സിംഹാസനമാണ് ലോര്‍ഡ് വെല്ലസ്ലി ഉപയോഗിച്ചിരുന്നത്. ‌മൈസൂര്‍ സുല്‍ത്താന്റെ സിംഹാസനം എന്നാണ് വെല്ലസ്ലിയുടെ കുറിപ്പിലുള്ളത്. സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ അ‌ടക്കം ഗവര്‍ണറുടെ പ്രധാന ഔദ്യോഗിക പരിപാടികളെല്ലാം ഇവിടെയാണ് നടക്കുന്നത്. ഒന്നാംനിലയില്‍ത്തന്നെയാണ് അതിവിശാലമായ ബാന്‍ക്വറ്റ് ഹാള്‍. മഹാഗണിയില്‍ തീര്‍ത്ത ഈ തീന്‍മേശയില്‍ ഒരേസമയം 70 പേര്‍ക്ക് ഭക്ഷണം വിളമ്പാം. വലിയ പരിപാടികള്‍ക്ക് മാത്രമേ ഇപ്പോള്‍ ഇതുപയോഗിക്കാറുള്ളു. ഒന്നാം നിലയുടെ വടക്കുകിഴക്കേ മൂലയിലാണ് കൗണ്‍സില്‍ ചേംബര്‍. ഗവര്‍ണര്‍ ജനറല്‍ എക്സിക്യൂട്ടിവ് യോഗങ്ങള്‍ നടത്തിയിരുന്ന സ്ഥലം. ഇപ്പോള്‍ വലിയ കൂടിക്കാഴ്ചകള്‍ക്ക് മാത്രമേ ഗവര്‍ണര്‍ ഈ ചേംബര്‍ ഉപയോഗിക്കാറുള്ളു. വടക്കുപടിഞ്ഞാറ് ഭാഗത്താണ് പ്രിന്‍സ് ഓഫ് വെയ്ല്‍സ് സ്യൂട്ട്. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ബംഗാള്‍ സന്ദര്‍ശിക്കുമ്പോള്‍ താമസിക്കുന്നത് ഇവിടെയാണ്. യെലോ, ബ്ലൂ, ബ്രൗണ്‍ എന്നിങ്ങനെ മൂന്ന് മനോഹരമായ ഡ്രോയിങ് റൂമുകളും ഇവിടെയുണ്ട്. രാജ്ഭവന്റെ രണ്ടാംനിലയിലാണ് ഗവര്‍ണറും കുടുംബവും താമസിക്കുന്നത്. താഴത്തെ നിലയുടെ മധ്യത്തിലുള്ള സ്ഥലമാണ് മാര്‍ബിള്‍ ഹാള്‍ ആണ് മറ്റൊരാകര്‍ഷണം. സ്വകാര്യ ചടങ്ങുകളാണ് ഇവിടെ കൂടുതല്‍ നടക്കാറ്.

ഇരുപത്തിമൂന്ന് ഗവര്‍ണര്‍ ജനറല്‍മാരും 1858 മുതല്‍ 1912 വരെയുള്ള വൈസ്രോയിമാരും ഗവണ്‍മെന്റ് ഹൗസില്‍ ഇരുന്ന് ബ്രിട്ടീഷ് ഇന്ത്യ ഭരിച്ചു. സ്വാതന്ത്ര്യത്തിനുശേഷം 23 പേര്‍ ബംഗാളിന്റെ ഗവര്‍ണര്‍മാരായി രാജ്ഭവനിലെത്തി. ഇന്ത്യയുെട അവസാന ഗവര്‍ണര്‍ ജനറലായിരുന്ന സാക്ഷാല്‍ സി.രാജഗോപാലാചാരിയാണ് ഇതില്‍ ഒന്നാമന്‍. ഇപ്പോഴത്തെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഉള്‍പ്പെടെ സി.വി.ആനന്ദബോസിന്റെ മുന്‍ഗാമികളുടെ പട്ടികയില്‍ പ്രഗല്‍ഭരുടെ വന്‍നിര തന്നെയുണ്ട്.

ബംഗാള്‍ ഗവര്‍ണര്‍ക്ക് കൊല്‍ക്കത്ത രാജ്ഭവന്‍ മാത്രമല്ല വീടായി ഉള്ളത്. അങ്ങ് ഡാര്‍ജീലിങ്ങിന്റെ മനോഹര മലനിരകള്‍ക്കുനടുവിലുണ്ട് മറ്റൊരു മനോഹര രാജ്ഭവന്‍. ഗവര്‍ണര്‍ ജനറല്‍മാരും വൈസ്രോയിമാരും വേനല്‍ക്കാലത്ത് താമസിച്ചിരുന്ന ഡാര്‍ജീലിങ് ഗവണ്‍മെന്റ് ഹൗസ്. 

1877 ല്‍ ലഫ്റ്റനന്റ് ഗവര്‍ണറായ സര്‍ ആഷ്‍ലി ഈഡന് ബിര്‍ച്ച് ഹില്ലില്‍ നിര്‍മിച്ചുനല്‍കിയ മനോഹര മന്ദിരം. കൂച്ച്ബെഹാര്‍ ഭരണാധികാരിയില്‍ നിന്ന് വാങ്ങിയതായിരുന്നു ഈ സ്ഥലവും കെട്ടിടവും. 1879ല്‍ നവീകരണം പൂര്‍ത്തിയായി. ലഫ്റ്റനന്റ് ഗവര്‍ണറില്‍ നിന്ന് നേതൃത്വം ഗവര്‍ണറിലേക്ക് മാറിയതോടെ സൗകര്യങ്ങള്‍ വിപുലമാക്കി. എന്നാല്‍ 1934ലെ വന്‍ ഭൂചലനത്തില്‍ കെട്ടിടത്തിന്റെ മിക്ക ഭാഗങ്ങളും തകര്‍ന്നു. 1936ല്‍ പുനര്‍നിര്‍മിച്ചു. പുറമേ നിന്നുള്ളതിനേക്കാള്‍ മനോഹര കാഴ്ചകളാണ് ഡാര്‍ജീലിങ് രാജ്ഭവന്റെ ഉള്ളിലുള്ളത്. സ്വാതന്ത്ര്യത്തിനുശേഷം ഡാര്‍ജീലിങ് ഗവണ്‍മെന്റ് ഹൗസും രാജ്ഭവനായി. വര്‍ഷത്തില്‍ രണ്ടോ മൂന്നോതവണ ബംഗാള്‍ ഗവര്‍ണര്‍ ഡാര്‍ജീലിങ് രാജ്ഭവനില്‍ താമസത്തിനെത്തും. കൊല്‍ക്കത്ത രാജ്ഭവനിലെ സ്റ്റാഫില്‍ ഒരു ഭാഗവും ഈ സമയത്ത് ഡാര്‍ജീലിങ്ങിലേക്ക് മാറും. ജവഹര്‍ പര്‍ബതും ഹിമാലയന്‍ സുവോളജിക്കല്‍ പാര്‍ക്കും പര്‍വതാരോഹണ ഇന്‍സ്റ്റിറ്റ്യൂട്ടുമെല്ലാം ചേര്‍ന്ന അതിമനോഹര മേഖലയാണിത്.

ഡാര്‍ജീലിങ്ങില്‍ നിന്ന് കൊല്‍ക്കത്തയില്‍ത്തന്നെയുള്ള ബാരക്പോരിലേക്ക് വരാം. ഇവിടെയാണ് മൂന്നാമത്തെ രാജ്ഭവന്‍. വെല്ലസ്ലി പ്രഭു തന്നെയാണ് മൂന്നാമത്തെ രാജ്ഭവന്റെയും സ്രഷ്ടാവ്. 

1775ല്‍ ബ്രിട്ടീഷ് പട്ടാളം രൂപീകരിച്ച ബാരക്പോര്‍ കന്റോണ്‍മെന്റിലെ ഫ്ലാഗ്പോസ്റ്റ് ഹൗസാണ് 1801ല്‍ ഗവര്‍ണര്‍ ജനറല്‍ ഏറ്റെടുത്തത്. ഇവിടെയുണ്ടായിരുന്ന കെട്ടിടം പൊളിച്ച് കൊല്‍ക്കത്ത രാജ്ഭവനെപ്പോലെ മനോഹരമായ മന്ദിരം നിര്‍മിക്കാന്‍ വെല്ലസ്ലി തീരുമാനിച്ചു. എന്നാല്‍ ഒരു നില പൂര്‍ത്തിയാക്കിയപ്പോഴേക്കും ധൂര്‍ത്തിന്റെ പേരില്‍ വെല്ലസ്ലിയെ ഗവര്‍ണര്‍ ജനറല്‍ സ്ഥാനത്തുനിന്ന് നീക്കി ലണ്ടനിലേക്ക് തിരിച്ചുവിളിച്ചു. പിന്നീടുവന്ന സര്‍ ജോര്‍ജ് ബര്‍ലോ മുതല്‍ ലോര്‍ഡ് മിന്റോ വരെയുള്ളവരാണ് കെട്ടിടം പൂര്‍ത്തിയാക്കിയത്. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന് വേദിയായത് ബാരക്പോറിലെ മുപ്പത്തിനാലാം റെജിമെന്റായിരുന്നു. മംഗള്‍ പാണ്ഡേ ഉള്‍പ്പെടെയുള്ളവരെ തൂക്കിലേറ്റിയതും ഇവിടെയാണ്. ഗവര്‍ണര്‍ ജനറലുടെ വേനല്‍ക്കാല വസതി പിന്നീട് രാജ്ഭവനായി. ബംഗാളിന്റെ ആദ്യ ഗവര്‍ണര്‍ സി.രാജഗോപാലാചാരി പദവി ഒഴിയും വരെ താമസിച്ചത് ഇവിടെയാണ്. പിന്നീടുള്ള ഗവര്‍ണര്‍മാര്‍ വര്‍ഷത്തില്‍ ഏതാനും ദിവസം ഇവിടെ ചെലവിടും. കൊല്‍ക്കത്ത രാജ്ഭവനോളം വലുപ്പമില്ലെങ്കിലും അതിമനോഹരമായ പശ്ചാത്തലമാണ് ബാരക്പോരിലുമുള്ളത്. യൂറോപ്യന്‍ വാസ്തുവിദ്യാശൈലിയില്‍ നിര്‍മിച്ച കെട്ടിടത്തിലെ അകത്തളങ്ങളും ഫര്‍ണിച്ചറും പെയിന്റിങ്ങുകളും സ്മാരകങ്ങളും പ്രതികമളുമെല്ലാം ഇന്നും ശരിക്കും റോയല്‍ ആണ്. 

ബംഗാളിനെപ്പോലെ ചരിത്രത്തിന്റെ ഭാരവും പ്രൗഢിയും വല്ലാതെ അനുഭവപ്പെടുന്ന പ്രദേശങ്ങള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വളരെ കുറവായിരിക്കും. അതിന്റെ കേന്ദ്രബിന്ദുവാണ് ഇന്നത്തെ രാജ്ഭവന്‍. അവിടേക്ക് കയറിച്ചെല്ലുമ്പോള്‍ സംസ്ഥാനത്തെ ഭരണകൂടവുമായി തന്റെ മുന്‍ഗാമി നടത്തിയ ഏറ്റുമുട്ടലുകളുടെ ഭാരം കൂടി സി.വി.ആനന്ദബോസിനെ കാത്തിരിക്കുന്നുണ്ട്. അത് എങ്ങനെ കൈകാര്യം ചെയ്യും എന്നതുകൂടി ആശ്രയിച്ചിരിക്കും രാജ്ഭവനില്‍ അദ്ദേഹത്തിന്റെ കാലയളവിനെ ചരിത്രം രേഖപ്പെടുത്തുക.

Story Of Bengal Rajbhavan And C V Ananda Bose

MORE IN SPOTLIGHT
SHOW MORE