ഒടുവിൽ എണ്ണമെടുത്ത് ശാസ്ത്രലോകം; ഒരാൾക്ക് 25.8 ലക്ഷം വീതം 'ഉറുമ്പ് സൈന്യം'

antstotal-27
ചിത്രം: രാജൻ എം. തോമസ്
SHARE

ആകാശത്തിന്റെ ഉയരം, മണൽത്തരികളുടെ എണ്ണം എന്നൊക്കെ പറയുന്ന പോലെ അനന്തമായിരുന്നു ഒരു പരിധി വരെ ഉറുമ്പുകളുടെ എണ്ണവും. എന്നാൽ അസംഖ്യം ഉറുമ്പുകളെന്നത് ഇനി പഴങ്കഥയാണ്. ശാസ്ത്രലോകം ഭൂമിയിലെ ഉറുമ്പുകളുടെ കണക്കെടുത്തു. ഏകദേശം 20 ക്വാഡ്രില്യ(20,000,000,000,000,000)നെന്നാണ് കണ്ടെത്തൽ. 775.28 കോടിയാണ് മനുഷ്യരുടെ എണ്ണം. ഇങ്ങനെ നോക്കിയാൽ എനിക്കാരുമില്ലേ എന്ന് ഇനി പേരിനെങ്കിലും പറയരുത്. ഒരാൾക്ക് 25.8 ലക്ഷം ഉറുമ്പുകൾ എന്ന കണക്കിലുണ്ട്.

ഹോങ്കോങ്, ജർമനിയിലെ വുത്​സ്ബെർഗ് സർവകലാശാലകളിലെ ശാസ്ത്രജ്ഞർ സംയുക്തമായി നടത്തിയ ഗവേഷണത്തിനൊടുവിലാണ് ഈ സംഖ്യ പ്രഖ്യാപിച്ചത്. ലോകത്തെ എല്ലാ ഭൂഖണ്ഡങ്ങളിലും ഉറുമ്പുകളുടെ എണ്ണം സംബന്ധിച്ച് നടത്തിയ 489 പഠനങ്ങളുടെ ഫലങ്ങൾ അപഗ്രഥിച്ചാണ് ഇവയുടെ ഭൂമിയിലെ മൊത്തം എണ്ണം സ‌ംബന്ധിച്ച നിഗമനത്തിൽ എത്തിയത്. 

ദിനോസറുകളുടെ കാലം മുതൽ ഉറുമ്പുകൾ ഭൂമുഖത്ത് ഉണ്ടെന്നാണ് കരുതുന്നത്. 10 കോടി വർഷം മുൻപ് ക്രെറ്റേഷ്യസ് കാലഘട്ടത്തിൽ നിന്നുപോലും ഉറുമ്പുകളുടെ ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്. പരിസ്ഥിതിയിൽ പോഷണ ചംക്രമണം, വിത്ത് വിതരണം, ജൈവവസ്തുക്കളുടെ വിഘടനം തുടങ്ങി പ്രധാനപ്പെട്ട ഒട്ടേറെ പ്രവർത്തനങ്ങൾ ഉറുമ്പുകൾ നടത്തുന്നുണ്ട്. ലോകത്ത് 15,700 തരം വർഗത്തിൽപ്പെട്ട ഉറുമ്പുകളുണ്ടെന്നാണു കരുതപ്പെടുന്നത്. അന്റാർട്ടിക്ക, ഗ്രീൻലൻഡ്, ഐസ്‌ലൻഡ് എന്നിവിടങ്ങളും ചില ദ്വീപരാജ്യങ്ങളും ഒഴിച്ച് ഭൂമിയിലെല്ലായിടവും ഉറുമ്പുകളുടെ സാന്നിധ്യമുണ്ട്. 

MORE IN SPOTLIGHT
SHOW MORE