
68മത് ദേശീയ ചലച്ചിത്ര പുരസ്ക്കാരം പ്രഖ്യാപിച്ചപ്പോള്‍ മികച്ച ഗായികയായി തിരഞ്ഞെടുത്തത് നഞ്ചമ്മയെയായിരുന്നു. ആടുമേച്ചു നടന്ന അട്ടപ്പാടിയുടെ സ്വന്തം ഗായിക. പുരസ്ക്കാരം 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലൂടെ. നഞ്ചമ്മയ്ക്ക് പുരസ്ക്കാരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രഥമ വനിതയായി ദ്രൗപദി മുര്‍മു എത്തിയത്. ആദിവാസി ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതി. ''ദേശീയ ചലച്ചിത്ര പുരസ്ക്കാരം രാഷ്ട്രപതി വീണ്ടും നല്‍കിത്തുടങ്ങുമോ?'' എന്ന് മുര്‍മു റെയ്സിനക്കുന്ന് കയറിയപ്പോള്‍ മുതല്‍ സിനിമക്കാരായ പല സുഹൃത്തുക്കളും ചോദിക്കാറുണ്ടായിരുന്നു. ആദിവാസിവിഭാഗത്തില്‍ നിന്നുള്ള ഗായികയായ നഞ്ചമ്മയ്ക്ക് ഗോത്രവിഭാഗത്തില്‍ നിന്ന് ഉയര്‍ന്നുവന്ന ദ്രൗപദി മുര്‍മു പുരസ്ക്കാരം നല്‍കിയാല്‍ അത് ദേശീയ ചലച്ചിത്ര പുരസ്ക്കാരവിതരണ ചരിത്രത്തിലെ തിളക്കമുള്ള അധ്യായമാകുമായിരുന്നു. മണ്ണില്‍ നിന്ന് ഉയര്‍ന്നുവന്ന വേറിട്ട രണ്ട് നക്ഷത്രങ്ങള്‍ ഒരു വേദിയില്‍. രാഷ്ട്രപതിഭവനും വാര്‍ത്താവിതരണമന്ത്രാലയവും മറുപടി നല്‍കാതെ സസ്പെന്‍സ് ബാക്കിവച്ചു.
65മത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ രാഷ്ട്രപതിയായിരുന്ന റാംനാഥ് കോവിന്ദും വാര്‍ത്താവിതരണമന്ത്രിയായിരുന്ന സ്മൃതി ഇറാനിയും നല്‍കാന്‍ തീരുമാനിച്ചത് വിവാദമായിരുന്നു. വാര്‍ത്താവിതരണമന്ത്രിയില്‍ നിന്ന് പുരസ്ക്കാരം സ്വീകരിക്കാന്‍ മലയാളികള്‍ അടക്കം പല പുരസ്ക്കാരജേതാക്കളും തയ്യാറായില്ല. കുറച്ചുപേര്‍ക്ക് മാത്രം രാഷ്ട്രപതി പുരസ്ക്കാരം നല്‍കുന്നത് വിവേചനമാണെന്ന് വിമര്‍ശനം ഉയര്‍ന്നു. രാഷ്ട്രപതിയില്‍ നിന്ന് പുരസ്ക്കാരം സ്വീകരിക്കുക എന്നതായിരുന്നു ദേശീയ ചലച്ചിത്രപുരസ്ക്കാരത്തിന്‍റെ മാറ്റുകൂട്ടിയിരുന്നതെന്ന് പലരും ചൂണ്ടിക്കാട്ടി. സ്മൃതി ഇറാനിയുടെ വാശിയായിരുന്നു പ്രശ്നം വഷളാക്കിയതെന്ന് പലരും കുറ്റപ്പെടുത്തി. രാഷ്ട്രപതിക്ക് ഒരു മണിക്കൂറിലധികം സമയം ചടങ്ങില്‍ പങ്കെടുക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചതിനാലാണ് സ്മൃതി ഇറാനി പുരസ്ക്കാരങ്ങള്‍ നല്‍കുന്നതെന്ന് വാര്‍ത്താവിതരണ മന്ത്രാലയം വിശദീകരിച്ചു. വിവാദങ്ങളിലേയ്ക്ക് രാഷ്ട്രപതിയെ വലിച്ചിഴച്ചതില്‍ രാഷ്ട്രപതിഭവന് കടുത്ത അതൃപ്തിയുമുണ്ടായി. 66മതും 67മതും ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ ഉപരാഷ്ട്രപതിയായിരുന്ന എം വെങ്കയ്യ നായ്ഡുവാണ് വിതരണം ചെയ്തത്. രാഷ്ട്രപതി ഇനി പുരസ്ക്കാരവിതരണം നടത്തില്ലെന്ന വിലയിരുത്തലുകള്‍ വന്നു. മറ്റു മേഖലകളിലെ പുരസ്ക്കാരങ്ങള്‍ പലതും ഉപരാഷ്ട്രപതിയും വകുപ്പ് മന്ത്രിമാരും നല്‍കുമ്പോള്‍ സിനിമയ്ക്ക് മാത്രം എന്താണ് പ്രത്യേകത എന്ന് പലരും ചോദിച്ചു.
ഇതിനിടെ, രാഷ്ട്രപതിയായി ദ്രൗപദി മുര്‍മുവും ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍ഖറും എത്തി. സെപ്റ്റംബര്‍ രണ്ടാംവാരത്തോടെ പുരസ്ക്കാര വിതരണത്തിന് നടപടികള്‍ തുടങ്ങി. സെപ്റ്റംബര്‍ 30ന് ചടങ്ങ്. രാഷ്ട്രപതിയുടെ കൈകളിലൂടെ പുരസ്ക്കാരം വീണ്ടും വിതരണം ചെയ്യപ്പെടുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും അന്തിമസ്ഥിരീകരണമായില്ല. സസ്പെന്‍സ് തുടര്‍ന്നു. അതിനിടെ എലിസബത്ത് രാജ്ഞിക്ക് ഇന്ത്യന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആദരം അര്‍പ്പിക്കാനും സംസ്ക്കാരച്ചടങ്ങില്‍ പങ്കെടുക്കാനുമായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ലണ്ടനിലേയ്ക്ക് പോയി. വാര്‍ത്താവിതരണമന്ത്രി അനുരാഗ് ഠാക്കൂര്‍ ഹിമാചല്‍പ്രദേശിലെ ഹമിര്‍പുരില്‍ സുപ്രധാനമായ പ്രഖ്യാപനം ഉടന്‍ നടത്തുമെന്ന് ഉച്ചയ്ക്ക് 12.14ന് മന്ത്രാലയത്തില്‍ നിന്ന് വാട്സാപ്പ് സന്ദേശം. നിശ്ചയിച്ച സമയത്തേക്കാള്‍ അല്‍പം ൈവകി 12.53ന് മന്ത്രി അനുരാഗ് ഠാക്കൂര്‍ പ്രഖ്യാപിച്ചു. " 52മത് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്ക്കാരം വിഖ്യാത നടിയും സംവിധായികയും നിര്‍മാതവുമായ ആശാ പരേഖിന്. ഒപ്പം, 68മത് ദേശീയ ചലച്ചിത്ര പുരസ്ക്കാരം രാഷ്ട്രപതി ദ്രൗപദി മുര്‍മു വിതരണം ചെയ്യും.