നവജാതശിശുവിന്റെ ജീവന്‍ രക്ഷിക്കുന്ന വനിതാ ഡോക്ടറുടെ വിഡിയോ; പ്രശംസിച്ച് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ വൈറലായി നവജാത ശിശുവിന്റെ ജീവൻ രക്ഷിക്കുന്ന ഡോക്ടറുടെ വിഡിയോ. കൃത്രിമശ്വാസം നൽകിക്കൊണ്ട് കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരുന്ന ഡോക്ടർ സുരേഖ ചൗധരിയുടെ വിഡിയോയാണ് വൈറലാകുന്നത്. ഉത്തർപ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥനായ സച്ചിന്‍ കൗശികാണ് വിഡിയോ പങ്കുവച്ചത്. 2022 മാർച്ചിൽ ഉത്തർപ്രദേശ് ആഗ്രയിലെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് നടന്ന സംഭവത്തിന്റെ വിഡിയോയാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. 

പ്രസവിച്ച ഉടനെ കുഞ്ഞിന് ശ്വാസോച്ഛ്വാസത്തിനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. പ്രസവത്തിനു കൂടുതൽ സമയമെടുത്തതാണ് കുഞ്ഞിന് ശ്വാസതടസ്സം നേരിടാനുള്ള കാരണം. ഓക്സിജൻ പിന്തുണ നൽകി എങ്കിലും കുഞ്ഞിന്റെ ശ്വാസം ശരിയായില്ല. തുടർന്നാണ് ഡോക്ടർ വായിലൂടെ കൃത്രിമ ശ്വാസം നൽകിയത്. നിർത്താതെ ഏഴു മിനിറ്റോളം ഇങ്ങനെ ചെയ്തു. 

കുഞ്ഞിന്റെ പുറത്ത് ഡോക്ടർ  മസാജ് ചെയ്യുന്നതിന്റെ മറ്റൊരു വിഡിയോയും കൗശിക് പങ്കുവച്ചു. കുഞ്ഞ് ശ്വസിക്കാൻ തുടങ്ങിയതോടെ ഡോക്ടർ സന്തോഷത്തോടെ പുഞ്ചിരിക്കുന്നതും കുഞ്ഞിനെ ഓമനിക്കുന്നതും വിഡിയോയിൽ ഉണ്ട്. 

ട്വിറ്ററിലെത്തി നിമിഷങ്ങൾക്കകം തന്നെ വിഡിയോ വൈറലായി. ഡോക്ടറെ പ്രശംസിച്ചു കൊണ്ട് നിരവധി കമന്റുകളും എത്തി. തൊഴിലിനോടുള്ള ഡോക്ടറുടെ സമർപ്പണ മനോഭാവം അഭിനന്ദനാർഹമാണെന്നാണ് പലരുടെയും കമന്റുകൾ. ‘എല്ലാ സ്നേഹവും അനുഗ്രഹങ്ങളും അവർക്ക് ലഭിക്കട്ടെ. അവർ ദൈവത്തിനു തുല്യമാണ്.’ – എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. ‘നിങ്ങൾ അമാനുഷിക ശക്തിയുള്ള ആളാണ്.’– എന്നായിരുന്നു മറ്റൊരു കമന്റ്.  ‘വിദ്യാഭ്യാസം മനുഷ്യ ജീവനെ എങ്ങനെ സുരക്ഷിതമാക്കുന്നു എന്ന് ഈ വിഡിയോയിൽ വ്യക്തമാണ്. അത്രയും മനോഹരമാണിത്.’– എന്നായിരുന്നു കമന്റ്.