3000 വർഷം പഴക്കമുള്ള സ്വർണ മാസ്ക്!; കണ്ടെത്തിയത് ചൈനയിൽ നിന്ന് തന്നെ

കോവിഡ് കാലത്തിനുമുൻപ് മാസ്ക് ലോകത്തിന് ഒരു നിത്യോപയോഗ വസ്തു അല്ലായിരുന്നു . എന്നാലിതാ ചൈനയിൽ നിന്ന് മൂവായിരത്തിലധികം വർഷം പഴക്കമുള്ളൊരു മാസ്ക്! വെറും മാസ്കല്ല സ്വർണം കൊണ്ട് നിർമിച്ച മാസ്ക്. മധ്യ ചൈനയിലെ സെങ്ഷു നഗരത്തിലെ ഒരു പ്രഭുവിന്റെ ശവക്കല്ലറയിൽ നിന്നാണ് മാസ്ക് കണ്ടെത്തിയിരിക്കുന്നത്. പക്ഷേ ഈ മാസ്ക് വൈറസിനെ തുരത്താനുള്ളതല്ല. മൃതശരീരത്തിന്റെ മുഖത്ത് വയ്ക്കുന്ന തരം മാസ്കാണ് ഷെങ്ഷുവിൽ കണ്ടെത്തിയിരിക്കുന്നത്.

 മധ്യ ചൈനാ മേഖലയിൽ നിന്നു കണ്ടെത്തപ്പെട്ടിട്ടുള്ള ഏറ്റവും പഴക്കമുള്ള സ്വർണനിർമിത വസ്തുക്കളിലൊന്നാണ് ഈ മാസ്കെന്ന് വിദഗ്ധർ പറയുന്നു.18.3 സെന്റിമീറ്റർ നീളവും 14.5 സെന്റിമീറ്റർ വീതിയുമുള്ളതാണ് ഈ മാസ്ക്. ഒരാളുടെ മുഖം മൊത്തം മൂടാനുള്ള വലുപ്പമുണ്ട് ഇതിന്.40 ഗ്രാം ഭാരവും മാസ്കിനുണ്ടെന്ന് ഷെങ്ഷു മുനിസിപ്പൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾചറൽ ആൻഡ് ആർക്കിയോളജിയിലെ ഗവേഷകനായ ഹുവാങ് ഫുചെങ് പറയുന്നു.

ചൈനയിലെ മഞ്ഞനദി താഴ്്​വരയിൽ 1600 ബിസി മുതൽ 1046 ബിസി വരെയുള്ള കാലഘട്ടത്തിൽ അധികാരത്തിലിരുന്ന ഷാങ് പ്രഭുവംശത്തിൽപെട്ടയാളുടെ കല്ലറയിൽ നിന്നാണു മാസ്ക് കണ്ടെത്തിയതെന്നാണ് കരുതപ്പെടുന്നത്. ഒരു ലക്ഷത്തിലധികം ചതുരശ്ര അടി വിസ്തീർണമുള്ളതാണു കല്ലറ. സ്വർണ മാസ്കിനൊപ്പം മറ്റ് 200 പുരാവസ്തുക്കൾ കൂടി കണ്ടെത്തിയിട്ടുണ്ട്.കത്തികൾ, കോടാലികൾ, പുകവലിക്കാനുള്ള പൈപ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പലവിധ നാണയങ്ങളും കണ്ടുകിട്ടി.ഷാങ് പ്രഭുവംശത്തിന്റെ വിവിധ ആചാരാനുഷ്ഠാനങ്ങളിലേക്കു വെളിച്ചം വീശുന്നതാണ് ഇപ്പോൾ ഷെങ്ഷുവിൽ കണ്ടെത്തിയിരിക്കുന്ന ഈ കല്ലറ.കഴിഞ്ഞവർഷം ചൈനയിലെ സിച്വാൻ പ്രവിശ്യയിലെ സാൻക്സിങ്ഡുൽ പുരാവസ്തു മേഖലയിൽ നിന്ന് ഒരു സ്വർണ മാസ്ക് കണ്ടെത്തിയിരുന്നു. അതിനേക്കാൾ പഴയതാണ് ഇപ്പോൾ മധ്യചൈനയിൽ നിന്നു കണ്ടെത്തിയിരിക്കുന്ന മാസ്ക്. സാൻക്സിങ്ഡുലിൽ നിന്നു കണ്ടെത്തിയ മാസ്ക് കുറച്ചുകൂടി സങ്കീർണവും കലാസമ്പന്നവുമായിരുന്നെങ്കിലും അത് ഒരു പാവയിൽ ഘടിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു.