30 വര്‍ഷങ്ങളായി അക്ഷരങ്ങളുടെ ലോകത്താണ് കോഴിക്കോട് കുന്നമംഗലത്തെ ഒരു വീട്ടമ്മ.  മൈമുനാസ് വെള്ളിമാട്കുന്ന് എന്നപേരില്‍ കഥകളെഴുതുന്ന ഈ അന്‍പത്തിമൂന്നുകാരി, നാടായ തളിക്കുണ്ടിന്റെ സ്വന്തം കഥാകാരിയാണ്. 

 

 

തയ്യല്‍ മെഷീന്‍ചവിട്ടുന്നതിനൊരു താളമുണ്ട്. ഈ താളത്തിനൊപ്പം സ്വന്തം ജീവിതത്തിലെ അനുഭവങ്ങള്‍ കൂടി ഇഴചേര്‍ത്ത്  തുന്നിയെടുത്തതാണ് മൈമൂനയുടെ കഥകള്‍. ചെറുകഥകളും കുട്ടിക്കഥകളും ലേഖനങ്ങളും ഉള്‍പ്പടെ 150 സൃഷ്ടികളാണ് ഇതുവരെ രചിച്ചത്. ഇതില്‍ ഒട്ടുമിക്കവയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

 

 

സഹോദരന്റെ ഭാര്യയായിരുന്നു എഴുതാനുള്ള പ്രചോദനം. ആദ്യം കഥകള്‍ എഴുതി സൂക്ഷിച്ചു , പിന്നീട് ഒരു മല്‍സരത്തിനായി കഥയയച്ചു നല്‍കി. അതാണ് വഴിത്തിരിവായത്. 

 

തയ്യല്‍കടയില്‍ മാത്രം കൂടുതല്‍ സമയം ചെലവഴിച്ചിരുന്ന മൈമുന കോവിഡ് കാലത്താണ് എഴുത്ത് ഗൗരവമായെടുത്തത്. ഇപ്പോള്‍ ഒരു നോവലിന്റെ പണിപ്പുരയിലാണ്. തന്റെ എല്ലാ കഥകളും ഉള്‍പ്പെടുത്തി ഒരുപുസ്തകമാക്കി പ്രസിദ്ധീകരിക്കണമെന്നതാണ് അടുത്ത ലക്ഷ്യം. മൈമുനക്ക് പൂര്‍ണ പിന്തുണയുമായി കുടുംബവുമൊപ്പമുണ്ട്.