‘അർഹതപ്പെട്ട കയ്യിലെത്തിയല്ലോ, ആശ്വാസം’; ആശ്വാസട്രോളുകൾ പലവിധം

‘നമ്മൾ പണിക്ക് പോയാൽ നമുക്ക് ജീവിക്കാം.., 500 രൂപ ഉണ്ടായിരുന്നെങ്കിൽ എത്ര പരിപ്പുവട വാങ്ങി തിന്നാമായിരുന്നു.., ഷെയർ ഇട്ട് എടുത്തത് നന്നായി.. എന്തായാലും അർഹതപ്പെട്ട കൈകളിൽ ആണല്ലോ ഒന്നാം സമ്മാനം എത്തിയത്. അതാണ് ആശ്വാസം..’ ഇങ്ങനെ പോകുന്നു ലോട്ടറി എടുത്തിട്ടും അടിക്കാത്തവരുടെ സങ്കടങ്ങൾ. ഇതെല്ലാം ട്രോളായി നിറയുകയാണ് സൈബർ ഇടങ്ങളിൽ. 25 കോടി തിരുവനന്തപുരത്തേക്ക് പോയതിന്റെ ആഘോഷം ജില്ലയിലും സജീവമാണ്. അങ്ങനെ ഓണം ബംപർ കിട്ടാത്തവർ ലൈക്കുകളും കമന്റുകളും വാരി കൂട്ടുകയാണ്. 

ജോലിക്കായി മലേഷ്യയിലേക്ക് പോകാന്‍ തയാറെടുക്കുമ്പോഴാണ് തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനെ തേടി ഓണം ബംപറിന്റെ ഭാഗ്യമെത്തിയത്. പണം ഇല്ലാത്തതിനാൽ മകന്റെ കുടുക്ക പൊട്ടിച്ച് എടുത്ത ടിക്കറ്റിനാണ് സമ്മാനമടിച്ചതെന്ന് അനൂപ് മാധ്യമങ്ങളോടു പറഞ്ഞു. ഓട്ടോ ഡ്രൈവറാണ് അനൂപ്. ശനിയാഴ്ച രാത്രി എടുത്ത TJ 750605 എന്ന ടിക്കറ്റിനാണ് ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായ 25 കോടി രൂപ ലഭിച്ചത്. തങ്കരാജ് ലോട്ടറി ഏജൻസി പഴവങ്ങാടിയിൽ വിറ്റ ടിക്കറ്റാണിത്. ഒന്നാം സമ്മാന ജേതാവിന് 10% ഏജൻസി കമ്മിഷനും 30% നികുതിയും കിഴിച്ച് ബാക്കി 15.75 കോടി ലഭിക്കും.