18 ലക്ഷം വർഷം പഴക്കമുള്ള പല്ല്: കണ്ടെത്തിയത് ഗ്രാമത്തിൽ; കൗതുകം

teeth-old
SHARE

യൂറോപ്യൻ രാജ്യമായ ജോർജിയയിൽ നിന്ന് 18 ലക്ഷം വർഷം പഴക്കമുള്ള ഒരു മനുഷ്യപ്പല്ല് കണ്ടെത്തി. ജോർജിയയിലെ പുരാവസ്തു പര്യവേക്ഷണമേഖലയായ ഡ്മാനിസിക്കു സമീപമുള്ള ഓരോസ്മാനി എന്ന ഗ്രാമത്തിൽ നിന്നാണു ചരിത്രപ്പല്ല് കിട്ടിയിരിക്കുന്നത്. ഡ്മാനിസിയിൽ പണ്ട് ലക്ഷക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള തലയോട്ടികളും മറ്റും കണ്ടെത്തിയത് വാർത്തയായിരുന്നു. 1990-2000 കാലഘട്ടത്തിലായിരുന്നു ഇവ കണ്ടെത്തിയത്. ആഫ്രിക്കയ്ക്കു വെളിയിൽ കണ്ടെത്തിയിട്ടുള്ള ഏറ്റവും പഴക്കമുള്ള മനുഷ്യശേഷിപ്പുകളാണ് ഇവ.

ഈ തലയോട്ടികൾ കണ്ടെത്തിയ ശേഷം പുരാവസ്തുഗവേഷകർ ഒരു സിദ്ധാന്തം രൂപീകരിച്ചിരുന്നു. 20 ലക്ഷം വർഷങ്ങൾ മുൻപ് ആദിമ മനുഷ്യർ ആഫ്രിക്കയിൽ നിന്നു പുറത്തുകടന്ന ശേഷം ജോർജിയയിലെ കോക്കസസ് പർവതതാഴ്‌വര മേഖലയിൽ താമസിച്ചെന്നായിരുന്നു ഇത്. പുതുതായി പല്ലു കൂടി കണ്ടെത്തിയതോടെ ഈ സിദ്ധാന്തത്തിനു ബലമായിരിക്കുകയാണെന്ന് ഗവേഷകർ പറയുന്നു. ജോർജിയയിലെ നാഷനൽ റിസർച് സെന്‌റർ ഫോർ ആർക്കയോളജിയാണ് പല്ലു കണ്ടെത്തിയ വിവരം പുറത്തുവിട്ടത്. ഓരോസ്മാനി, ഡ്മാനിസി മേഖലകൾ ആദിമമനുഷ്യരുടെ താവളങ്ങളായിരുന്നെന്നും ഇവിടെ കൂടുതൽ ഗവേഷണങ്ങൾ നടത്തേണ്ടതുണ്ടെന്നും നാഷനൽ റിസർച് സെന്‌റർ ഫോർ ആർക്കയോളജി അധികൃതർ പ്രസ്താവിച്ചു.

ബ്രിട്ടിഷ് ആർക്കയോളജി വിദ്യാർഥിയായ ജാക്ക് പീർട്ടാണ് പല്ലു കണ്ടെത്തിയിരിക്കുന്നത്. കണ്ടെത്തിയ ശേഷം ജോർജിയൻ നാഷനൽ മ്യൂസിയം ഗവേഷകനായ ജോർജി കോപലിയാനിയെ പരിശോധനയ്ക്കായി പല്ല് പീർട്ട് ഏൽപിച്ചു. മനുഷ്യപരിണാമ പഠനത്തിൽ ജോർജിയയ്ക്ക് ഒരു സവിശേഷ സ്ഥാനമുണ്ടെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണെന്ന് പീർട്ട് പറഞ്ഞു. 2019 മുതൽ ജോർജിയൻ നാഷനൽ മ്യൂസിയം മേഖലയിൽ പഠനഗവേഷണങ്ങൾ നടത്തുന്നുണ്ട്. തലയോട്ടികളും പല്ലും കൂടാതെ നിരവധി ഉപകരണങ്ങളും മറ്റും ഇവിടെ നിന്നു ഗവേഷകർ മുൻപ് കണ്ടെത്തിയിട്ടുണ്ട്.

MORE IN SPOTLIGHT
SHOW MORE