‘സെക്സിന് താൽപര്യമെന്ന് പറയുന്ന പെൺകുട്ടികൾ ലൈംഗികത്തൊഴിലാളികൾ’; ശക്തിമാൻ വിവാദം

സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞ അഭിപ്രായങ്ങൾ വൈറലായതോടെ വൻവിവാദത്തിലായിരിക്കുകയാണ് തൊണ്ണൂറുകളുടെ സൂപ്പർഹീറോ ‘ശക്തിമാൻ’. നടൻ മുകേഷ് ഖന്ന പങ്കുവച്ച വിഡിയോയിൽ നിറയെ സ്ത്രീവിരുദ്ധ പരാമർശങ്ങളാണെന്ന ആരോപണവും ശക്തമാവുകയാണ്.

'അത്തരം പെണ്‍കുട്ടികള്‍ നിങ്ങളേയും വശീകരിക്കുമോ' എന്ന ചോദ്യത്തോടെയാണ് പുതിയ വിഡിയോ അദ്ദേഹം പങ്കിട്ടിരിക്കുന്നത്. ലൈംഗിക ബന്ധത്തിന് താൽപര്യമുണ്ടെന്ന് പറയുന്ന സ്ത്രീകൾ അത് െതാഴിലാക്കിയവരാണെന്നാണ് താരത്തിന്റെ അഭിപ്രായം. ഒരു പെണ്‍കുട്ടി ഒരു ആണ്‍കുട്ടിയോട് ലൈംഗിക ബന്ധത്തിന് താൽപര്യമുണ്ടെന്ന് പറഞ്ഞാല്‍ അവള്‍ ഒരു പെണ്‍കുട്ടിയല്ല, മറിച്ച് ലൈംഗികത്തൊഴിലാളിയാണ്. ഒരു പരിഷ്‌കൃത സമൂഹത്തില്‍പെട്ട മാന്യയായ പെണ്‍കുട്ടി ഒരിക്കലും ഇത്തരം കാര്യങ്ങള്‍ പറയില്ല.' മുകേഷ് ഖന്ന പറയുന്നു. 

ഇതോടെ വിഡിയോയിലെ പരാമർശങ്ങൾക്കെതിരെ രൂക്ഷമായി പ്രതിഷേധമാണ് സൈബർ ഇടത്ത് ഉയരുന്നത്. ‘സോറി ശക്തിമാൻ’ ഇതിൽ നിങ്ങളെ പിന്തുണയ്ക്കാൻ കഴിയില്ല എന്നും വ്യക്തിമാക്കി ഒട്ടേറേ പേർ രംഗത്തെത്തി.