കുരുക്കിൽ കുരുങ്ങേണ്ട, ആരോഗ്യവും നന്നാക്കാം; ബെംഗളൂരു നഗരത്തിലെ ‘ചവിട്ടു വണ്ടി’

കേരളത്തനിമയില്‍ ബെംഗളൂരുവില്‍ ഒരു സൈക്കിള് സവാരിക്കാരുടെ കൂട്ടായ്മ. കഥകളി, തൃശൂർ പൂരം, പുലികളി ഉൾപ്പെടെ ചിത്രങ്ങളടങ്ങിയ ജേഴ്സി അണിഞ്ഞുള്ള ചവിട്ടു വണ്ടിയുടെ സൈക്കിൾ സവാരി ഉദ്യാനനഗരിക്ക് കൗതുകമായി.

സൈക്കിൾ സവാരിക്കാരുടെ ബെംഗളൂരുവിലെ കൂട്ടായ്മയായ "ചവിട്ടു വണ്ടി " ആണ് നഗരത്തിൽ സൈക്കിൾ  റാലി സംഘടിപ്പിച്ചത്. പുത്തൻ ജേഴ്സി പുറത്തിറക്കിയതിന്റെ ഭാഗമായി  വിധാൻ സൗധയിൽ നിന്നും റിച്ച്മൗണ്ട് റോഡ് വരെയാണ് റാലി സംഘടിപ്പിച്ചത്.

 9 വയസ്സുമുതൽ  65 വയസ്സ് വരെയുള്ള 35 ഓളം പേര് റൈഡിൽ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണവും ആരോഗ്യപരിപാലനവും ലക്ഷ്യമിട്ട് കഴിഞ്ഞ മാർച്ചിലാണ് ചവിട്ടുവണ്ടി ക്ലബ് രൂപീകരിക്കുന്നത്.  ഗതാഗതകുരുക്കിൽപെടാതെ ഓഫിസിലേക്കും തിരിച്ചു വീട്ടിലേക്കും വരാമെന്ന് കണ്ടതോടെ കൂടുതൽ പേർ സൈക്കിൾ ഉപയോഗിച്ചു. ഇതു ചവിട്ടു വണ്ടിയുടെ രൂപീകരണത്തിലേക്കു നയിച്ചു.

തുടക്കത്തിൽ നഗരം ചുറ്റിയുള്ള യാത്രകളാണ് നടത്തിയിരുന്നതെങ്കിൽ പിന്നീട് നഗരത്തിന് പുറത്തേക്കും വ്യാപിച്ചു. സൈക്കിളിൽ ദീർഘദൂര യാത്രകൾ നടത്താൻ ഇഷ്ടപ്പെടുന്നവരെ സഹായിക്കുക. ആരോഗ്യ പരിപാലനത്തിൽ മികച്ച സന്ദേശങ്ങൾ നൽകുന്നതിനായി കൂടുതൽ യാത്രകൾ സംഘടിപ്പിക്കുക എന്നിവയാണ് ലക്ഷ്യമെന്നു കൂട്ടായ്മ വ്യക്തമാക്കുന്നു. സൈക്ക്ലിങ് ഇഷ്ടമുള്ള ബെംഗളൂരുവിലെ ഏതു മലയാളിക്കും ക്ലബിൽ അംഗമാകാം.  തുടക്കത്തിൽ വിരലിലെണ്ണാവുന്നവർ മാത്രമുണ്ടായിരുന്ന കൂട്ടായ്മയിൽ  ഇപ്പോൾ 120 അംഗങ്ങളുണ്ട്. വാട്സാപ്പിലും ഫെയ്സ്ബുക്കിലും കൂട്ടായ്മയ്ക്ക് ഗ്രൂപ്പുകളുണ്ട്. യാത്രാ സംബന്ധമായ സഹായങ്ങൾ ഇവിടെ നിന്ന് ലഭിക്കും.