കാപ്പ ചുമത്തി പുറത്താക്കി; കേസിനായി സിനിമാ സ്റ്റൈലിൽ പ്രതിയുടെ മാസ് എൻട്രി

വിലകൂടിയ വാഹനത്തിലെ വരവ്. കുട ചൂടിക്കാന്‍ ഇഷ്ടക്കാരുെട നിര. കോടതിയിലെത്തി പുറത്തിറങ്ങുമ്പോള്‍ മടങ്ങാന്‍ കാരവന്‍. അങ്ങനെ ഡോണിനെപ്പോലെ ഈ പ്രതിയുടെ യാത്ര. സിനിമയിലെ നായകന്‍മാരെപ്പോലെയുള്ള എന്‍ട്രിയും മടക്കവും. വി.ഐ.പി ആരാണെന്ന് പലരും പരസ്പരം ചോദിച്ചു. കോടതിവളപ്പില്‍ എന്തേ ഇങ്ങനെയൊരു വരവ് എന്ന സംശയത്തിന് കൂടെയുണ്ടായിരുന്നവരുടെ മറുപടി. ഇതാണ് പൊലീസ് നാടുകടത്തിയ അത്തിമണി അനില്‍‍. 

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായതിനെത്തുടര്‍ന്ന് കാപ്പ ചുമത്തി കഴിഞ്ഞമാസം പൊലീസ് നാടുകടത്തിയ അത്തിമണി അനില്‍ വീണ്ടും പാലക്കാടെത്തി. സ്പിരിറ്റ് കടത്ത് കേസില്‍ പ്രതിയായ അനില്‍ ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അനുമതി തേടിയാണ് കോടതിയില്‍ ഹാജരായത്. 

സകല സമയത്തും പൊലീസ് നിരീക്ഷണമുണ്ടെങ്കിലും അനിലിന്റെ അനുയായികള്‍ക്ക് അതൊന്നും തടസമായിരുന്നില്ല. മടങ്ങിവരവ് ആഘോഷമാക്കുന്ന മട്ടിലായിരുന്നു ഓരോയിടത്തെയും പ്രകടനം. ഒരുകാലത്ത് ചിറ്റൂരിലെ സ്പിരിറ്റ് വരവ് നിയന്ത്രിച്ചിരുന്നത് മുന്‍ സിപിഎം നേതാവ് കൂടിയായ അനിലായിരുന്നു. കുഴല്‍പ്പണക്കടത്ത് സംഘങ്ങളെ ഭീഷണിപ്പെടുത്തല്‍. ഗുണ്ടാപ്പിരിവ് തുടങ്ങി നിരവധി കേസുകളില്‍ അനില്‍ പ്രതിയായി. പിന്നാലെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്. പാലക്കാട് വിട്ടതിന് പിന്നാലെ സുഹൃത്തിനൊപ്പം മഹാരാഷ്ട്രയിലാണ് താമസമെന്ന് അനില്‍ പറയുന്നു. ഒരുവര്‍ഷം കഴിഞ്ഞാല്‍ ഇരട്ടി കരുത്തോടെ മടങ്ങിയെത്തുമെന്നും അനിലിന്റെ വാദം‍. ചിറ്റൂരിലെത്തി ബന്ധുക്കളെ കണ്ടശേഷം അത്തിമണി അനില്‍ വീണ്ടും നാടുവിട്ടു.