ആഴമുള്ള കിണറ്റിൽ വീണു കിടന്നത് 3 മണിക്കൂർ; ബിന്ദുവിന് ഇത് പുനർജന്മം

ആഴമുള്ള കിണറ്റിൽ വീണ അൻപതുകാരിയായ ആദിവാസി സ്ത്രീയെ രക്ഷിച്ചു. ആറളം ഫാം ബ്ലോക്ക് 11 ലെ ബിന്ദു രാജുവിനാണ് സമീപവാസികളായ 2 വീട്ടമ്മമാരുടെ ജാഗ്രതയിൽ ജീവൻ തിരിച്ചു കിട്ടിയത്. ഇന്നലെ രാവിലെ പത്തരയോടെയാണു ബിന്ദു എടൂർ മൃഗാശുപത്രിക്ക് സമീപമുള്ള കിണറ്റിൽ അബദ്ധത്തിൽ വീണത്. വെള്ളത്തിൽ‌ മുങ്ങിപ്പോയെങ്കിലും ഉയർന്നു വന്ന ഉടൻ, പടവിൽ‌ ബിന്ദു അള്ളിപ്പിടിച്ചു കിടന്നത് 3 മണിക്കൂറാണ്.

ഉച്ചയ്ക്ക് ഒന്നരയോടെ സമീപത്തു താമസിക്കുന്ന ഉഷ, ഷൈൻബി എന്നിവർ നടന്നു പോകുമ്പോൾ കിണറ്റിൽ നിന്ന് ബിന്ദുവിന്റെ കരച്ചിൽ കേട്ടു. ഉടൻ തന്നെ ഇവർ സമീപവാസികളെ വിവരമറിയിക്കു കയായിരുന്നു. ആറളം പഞ്ചായത്ത് അംഗം ബിജു കുറ്റിക്കാട്ടുകുന്നേലിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു.

അഗ്നിരക്ഷാസേന ഉൾപ്പെടെ സ്ഥലത്തെത്തിയപ്പോഴേക്കും നെടുമുണ്ടയിലെ ജിന്റോയുടെ നേതൃത്വത്തിൽ കിണറിനകത്ത് ഇറങ്ങി ബിന്ദുവിനെ പുറത്തെത്തിച്ചു, ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കാലിന്റെ മുട്ടിലെ നേരിയ പരുക്ക് അല്ലാതെ മറ്റു പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ വൈകിട്ടോടെ ആശുപത്രി വിട്ടു. ആദിവാസി വയോധികയെ കിണറ്റിലിറങ്ങി രക്ഷപ്പെടുത്തിയ ജിന്റോയ്ക്കു നെടുമുണ്ടയിൽ പഞ്ചായത്ത് അംഗം ബിജുവിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.