അശ്‌ളീല പദങ്ങളും വയലൻസും; വിക്രമിന് സെൻസർ ബോർഡിന്റെ 13 കട്ട്

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന കമൽഹാസൻ ചിത്രമായ ‘വിക്ര’ത്തിന് സെൻസർ ബോർഡിന്റെ 13 കട്ട്. സെൻസർ നടപടി ക്രമങ്ങൾ പൂർത്തിയായി ജൂൺ മൂന്നിനാണ് ചിത്രം പുറത്തിറങ്ങുന്നത്. കഥാപാത്രങ്ങൾ മോശം പറയുന്നതും അശ്‌ളീല പദങ്ങൾ ഉപയോഗിക്കുന്നതും ചിത്രത്തിൽ മ്യൂട്ട് ചെയ്തിട്ടുണ്ട്. യു/എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. 

വെട്ടിച്ചുരുൾക്കലുകൾക്ക് ശേഷം സിനിമയുടെ ദൈർഘ്യവും കുറഞ്ഞിട്ടുണ്ട്. മോശം പദപ്രയോഗങ്ങളും വയലൻസ് രംഗങ്ങളും എല്ലാത്തരം പ്രേക്ഷകർക്കും കാണാൻ അനുയോജ്യമല്ല എന്നാരോപിച്ചാണ് ചിത്രത്തിൽ ഇത്രമാത്രം വെട്ടിനിരത്തൽ നടത്തിയിരിക്കുന്നത്. കമലഹാസനും വിജയ് സേതുപതിയും ഫഹദും സൂര്യയും മത്സരിച്ചഭിനയിക്കുന്ന മാജിക്ക് കാത്തിരിക്കുന്ന പ്രേക്ഷകരെ ഈ വാർത്ത നിരാശരാക്കിയിരിക്കുകയാണ്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. കമൽഹാസന്റെ അതിശയിപ്പിക്കുന്ന പ്രകടനമാണ് വിക്രമിലുള്ളതെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 2022 ജൂൺ 3 ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിൽ വിജയ് സേതുപതി, ഫഹദ് ഫാസിൽ, സൂര്യ തുടങ്ങി തമിഴിലെയും മലയാളത്തിലെയും മുൻനിര താരങ്ങൾ കമലിനൊപ്പം അണിചേരുന്നു അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം.