കമൽ അണ്ണനൊപ്പം ഒരു സീനെങ്കിലും മോഹം; വിക്രമിൽ പ്രതിഫലം വാങ്ങാതെ സൂര്യ

കമൽഹാസനൊപ്പം അഭിനയിക്കുക, സ്ക്രീൻ പങ്കിടുക എന്നത് തന്റെ ജീവിതത്തിലെ തന്നെ വലിയ സ്വപ്നമായിരുന്നെന്ന് നടൻ സൂര്യ ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. വിക്രം വൻവിജയം നേടി കുതിക്കുമ്പോൾ അ‍ഞ്ച് മിനിറ്റ് മാത്രം വന്നപോകുന്ന സൂര്യയുടെ കഥാപാത്രം വലിയ കയ്യടിയാണ് നേടുന്നത്. റോളക്സ് എന്ന ക്രൂരനായ വില്ലൻ വേഷത്തിലാണ് താരം എത്തുന്നത്. എന്നാൽ സിനിമയ്ക്കായി താരം ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ല എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. തമിഴിലെ പ്രശസ്ത നിരൂപകനായ പ്രശാന്ത് രംഗസ്വാമിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ജീവിതത്തിലെ തന്റെ പ്രചോദനമായ കമൽഹാസനു വേണ്ടിയുള്ള ആദരസൂചകമായാണ് സൂര്യ ഈ കഥാപാത്രം ഏറ്റെടുത്തതെന്നും ആരാധകരും പറയുന്നു. കമൽഹാസന്റെ കടുത്ത ആരാധകനാണ് സൂര്യ ശിവകുമാർ. വിക്രം 3യിൽ വില്ലനായാകും സൂര്യ എത്തുമെന്നാണ് റിപ്പോർട്ട്. മൂന്നാം ഭാഗം ഉണ്ടാകുമെന്ന് കമൽഹാസനും ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.