‘കമൽഹാസൻ ജി, പഞ്ചാബിന്റെ സിംഹം തയാർ’; ഇന്ത്യൻ 2വിൽ യുവരാജിന്റെ അച്ഛനും

ഷൂട്ടിങ് പുരോഗമിക്കുന്ന കമൽഹാസൻ–ശങ്കർ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം ഇന്ത്യൻ 2–വിൽ ക്രിക്കറ്റ് താരം യുവരാജ് സിങിന്റെ അച്ഛൻ യോഗ് രാജ് സിങും പ്രധാനവേഷത്തിലെത്തുന്നു. െതാണ്ണൂറിലേറെ സിനിമകളിൽ അഭിനയിച്ച താരം കൂടിയാണ് ഇദ്ദേഹം. മേക്കപ്പിടുന്ന ചിത്രം ഇൻസ്റ്റഗ്രം പേജിലൂടെ പങ്കുവച്ചാണ് യോഗ് ഇക്കാര്യം വ്യക്തമാക്കിയത്. ‘എന്നെ കൂടുതൽ സ്മാർട്ടാക്കിയതിന് ക്യാമറയ്ക്ക് പിന്നിലെ നായകർക്ക് നന്ദി. പഞ്ചാബിന്റെ സിംഹം കമൽഹാസൻ ജിയുടെ ഇന്ത്യൻ 2 നുവേണ്ടി തയാറായിക്കഴിഞ്ഞു.’ ചിത്രം പങ്കിട്ട് യോഗ്​രാജ് കുറിച്ചു.

നടനും എംഎല്‍എയുമായ ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയിന്‍റ് മൂവിസ് സിനിമയുടെ നിർമാണ പങ്കാളിത്തം ലൈക്ക പ്രൊഡക്ഷന്‍സിനൊപ്പം ഏറ്റെടുത്തതോടെ കമലിന്‍റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായ സേനാപതിയുടെ തിരിച്ചുവരവ് സാധ്യമാവുകയായിരുന്നു. ശങ്കറിന്‍റെ സംവിധാനത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക.

സിദ്ധാര്‍ഥ്, പ്രിയ ഭവാനി ശങ്കര്‍, ബോബി സിംഹ, ഗുരു സോമസുന്ദരം, ഡല്‍ഹി ഗണേഷ് എന്നിവരും ഇന്ത്യന്‍ 2 ല്‍ അണിനിരക്കും. ഒന്നാം ഭാഗത്തില്‍ നെടുമുടി വേണു അവതരിപ്പിച്ച കൃഷ്ണസ്വാമി എന്ന സിബിഐ ഉദ്യോഗസ്ഥ കഥാപാത്രത്തെ മലയാളി താരം നന്ദു പൊതുവാളാണ് അവതരിപ്പിക്കുക.

അഴിമതിക്കെതിരെ പോരാടുന്ന ഇന്ത്യന്‍ എന്ന കഥാപാത്രമായി കമല്‍ഹാസന്‍ തകര്‍ത്തഭിനയിച്ച 'ഇന്ത്യന്‍' 1996ലാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. ഇന്ത്യൻ സിനിയുടെ ക്ലൈമാക്സ് രംഗം ആ സിനിമയ്ക്ക് ഒരു തുടര്‍ച്ചയുണ്ടാകുമെന്ന സൂചന നല്‍കിയിരുന്നു. 

200 കോടിയാണ് സിനിമയുടെ ബജറ്റ്. അനിരുദ്ധ് ആണ് സംഗീതം. ഹോളിവുഡ് ആക്‌ഷന്‍ കോറിയോ ഗ്രാഫര്‍ റമാസന്‍ ബ്യുലറ്റ്, പീറ്റര്‍ ഹെയ്ന്‍, അനില്‍ അരസ് എന്നിവരാണ് സിനിമയുടെ സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്യുക.