‘ഷൂസിട്ട് വിസ്മയയുടെ മുഖത്ത് ചവിട്ടി; ഞാനെന്റെ മകളെ സങ്കല്‍പിച്ചു’: അഭിമുഖം

വിസ്മയ കേസിൽ ഭർത്താവ് കിരൺകുമാർ കുറ്റാക്കരനെന്ന് കോടതി കണ്ടെത്തിയത് അഡ്വക്കേറ്റ് ജി. മോഹൻരാജിനെ സംബന്ധിച്ച് അഭിമാനനിമിഷം. വിസ്മയ കേസിലെ  പ്രോസിക്യൂട്ടറാണ് മോഹൻരാജ്. ഉത്ര വധക്കേസിൽ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറായിരിക്കെയാണ് മോഹൻരാജിനെ ഈ കേസിലും നിയമിച്ചത്. അഭിഭാഷക ജീവിതത്തിലെ അഭിമാനകരമായ വിധിയെക്കുറിച്ച് മോഹൻരാജ് മനോരമ ന്യൂസിനോട് സംസാരിക്കുന്നു.

ഉത്രയുടെ കുടുംബത്തെക്കൂടാതെ മറ്റൊരു കുടുംബത്തിനും നീതി ലഭിക്കാൻ ഞാൻ കൂടി കാരണമായതിൽ സന്തോഷം തന്നെയാണ്. അന്വേഷണസംഘത്തിന്റെയും വിസ്മയയുടെ വീട്ടുകാരുടെയും നിർബന്ധത്തിന് വഴങ്ങിയാണ് ഈ കേസ് ഞാൻ ഏറ്റെടുത്തത്. അതിൽ അനുകൂലമായ വിധി വന്നതിൽ അഭിഭാഷകനെന്ന നിലയിൽ അഭിമാനമുണ്ട്. എന്നാൽ സമാനതകളില്ലാത്ത പീഡനത്തിനാണ് വിസ്മയ ഇരയായത്. ഇനിയൊരു പെൺകുട്ടിക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകാതെയിരിക്കട്ടെ. ഒരിക്കൽ കിരണിന്റെ അടിയും ചീത്തവിളിയും സഹിക്കാതെ വിസ്മയ പ്രതികരിച്ചത് വലിയ കുറ്റമായിട്ടാണ് എതിർഭാഗം കോടതിയിൽ അവതരിപ്പിച്ചത്.

കിരൺ പല രീതിയിലാണ് വിസ്മയയെ പീഡിപ്പിച്ചത്. അതിൽ ഒരു അഭിഭാഷകനെന്ന നിലയിലും ഒരു പെൺകുട്ടിയുടെ അച്ഛനെന്ന നിലയിലും എന്നെ നോവിച്ചത് കിരൺ വിസ്മയയെ മർദ്ദിച്ച ശേഷം നിലത്ത് തള്ളിയിട്ട് ഷൂസ് കൊണ്ട് മുഖത്ത് ചവിട്ടിയതാണ്. വിസ്മയയുടെ സ്ഥാനത്ത് ഒരു നിമിഷം എന്റെ മകളെ ഞാൻ സങ്കൽപ്പിച്ചുനോക്കി. ഒരു അച്ഛനും പൊറുക്കാനാവാത്ത ക്രൂരതയാണ് കിരൺ ചെയ്തത്. ഇത് തന്നെയാണ് കോടതിയിലും ഞാൻ പറഞ്ഞത്. ആ കുഞ്ഞിന്റെ വേദന എന്റേത് കൂടിയായിരുന്നു. ഒരു മനുഷ്യനെന്ന നിലയ്ക്കും അച്ഛനെന്ന നിലയ്ക്കും സിംപതിയേക്കാൾ കൂടുതൽ  എംപതിയാണ് എനിക്ക് വിസ്മയയോട് തോന്നിയത്. 

സർക്കാർ ഉദ്യോഗം ഒരിക്കലും സ്ത്രീധനം വാങ്ങാനുള്ള അവകാശമല്ല. എന്നാൽ കിരൺ പദവിയെ കണ്ടത് ആ രീതിയിലാണ്. വിവാഹത്തിന് മുൻപ് പോലും വിസ്മയയുടെ വീട്ടുകാരിൽ നിന്നും പണം സ്വന്തമാക്കാൻ കിരണിന് ഉദ്ദേശമുണ്ടായിരുന്നു. വിസ്മയയുടെ കേസ് ശരിക്കും സമൂഹത്തിന് ഒരു പാഠമാകണം. ആ കുട്ടിയെ മരണത്തിലേക്ക് തള്ളിവിട്ടതിന് ഉത്തരവാദി സമൂഹം കൂടിയാണ്. മകൾ വിവാഹമോചിതയാകുന്നത് എന്തോ കുറച്ചിലായിട്ടാണ് ഇന്നും സമൂഹം കാണുന്നത്. എന്തൊക്കെ ഉപദ്രവങ്ങൾ ഉണ്ടായാലും ഭർത്താവിന്റെ വീട്ടിൽ പിടിച്ചുനിൽക്കാനാണ് പെൺകുട്ടികളെ പഠിപ്പിക്കുന്നത്. എന്നാൽ ഇനിയുള്ള കാലത്തെങ്കിലും അതിന് മാറ്റം വരണം. ആത്മാഭിമാനത്തിനും അന്തസിനും കോട്ടം തട്ടുന്ന തരത്തിലുള്ള പ്രവൃത്തികൾ സഹിച്ച് പെൺകുട്ടികൾ ഭർത്താവിന്റെ വീട്ടിൽ നിൽക്കേണ്ട ആവശ്യമില്ല. അതിനുള്ള കാര്യപ്രാപ്തി അവർക്ക് ഉണ്ടാക്കികൊടുക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. – അഡ്വ. മോഹൻരാജ് പറഞ്ഞു.