വിഡിയോയിലൂടെ 4 ലക്ഷം രൂപ സമ്പാദിക്കാമോ?; യുഎസ് സർവ്വകലാശാലയുടെ 'ടിക് ടോക്ക് ക്ലാസ്' !

പുതിയ കാലത്ത് ടിക് ടോക് എന്ന പേര് പരിചിതമല്ലാത്ത ആരും തന്നെ ഉണ്ടാകില്ല. ടിക് ടോക് വിഡിയോ ചെയ്യാനും കാണാനും ഒക്കെ താൽപ്പര്യമുള്ളവരാണ് മിക്കവരും. എന്നാൽ ടിക് ടോക് ഇനി വെറുമൊരു സമയംകൊല്ലി വിനോദമല്ല. ഒരു പഠനവിഷയമായി മാറിക്കഴിഞ്ഞിരിക്കുന്നു! യു എസ് സർവകലാശാലയുടെ പാഠ്യവിഷമാണ് ഇനി ടിക്ടോക്!

നോർത്ത് കരോലിനയിലെ ഡർഹാമിൽ ഡ്യൂക്ക് യൂണിവേഴ്സിറ്റിയാണ് ടിക്ടോക് ക്ലാസ് എന്നറിയപ്പെടുന്ന ബിൽഡിംഗ് ഗ്ലോബൽ ഓഡിയൻസ് കോഴ്‌സ് തുടങ്ങിയത്.വിദ്യാർത്ഥികൾക്ക് അവരുടെ സോഷ്യൽ മീഡിയ സാന്നിധ്യം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നും ഓൺലൈൻ ബ്രാൻഡുകൾ എങ്ങനെ കണ്ടെത്താം എന്നുമാണ് കോഴ്സ് പഠിപ്പിക്കുന്നത്. കോഴ്സിന്റെ ഭാഗമായി വിദ്യാർഥികൾ ഒരുമിച്ച് 1,45,000 ഫോളോവേഴ്‌സിനെ നേടുകയും ക്ലാസിൽ അവർ നിർമ്മിച്ച വീഡിയോകൾക്കായി 80 ദശലക്ഷത്തിലധികം വ്യൂസ് നേടുകയും ചെയ്തു. സെമസ്റ്ററിൽ 12,000 ഫോളോവേഴ്‌സിനെ നേടിയ നതാലിയ ഹൗസർ വിവിധ ബ്രാൻഡുകളുമായി ചേർന്ന് പ്രതിമാസം 1,000 പൗണ്ട് മുതൽ 7,000 പൗണ്ട് വരെയാണ് സമ്പാദിക്കുന്നത്.ഒരു പോസ്റ്റിന് മാത്രം ചിലപ്പോൾ കിട്ടുന്നത് 5,000 ഡോളറാണ് അതായത് 4 ലക്ഷം രൂപ!ബ്രാൻഡുകളുമായി എങ്ങനെ ചർച്ച നടത്താമെന്നും തന്റെ ജോലിക്ക് എത്ര തുക ഈടാക്കാമെന്നും ക്ലാസിൽ തന്നെ  പഠിപ്പിക്കുന്നുണ്ട്.  ഡ്യൂക്കിന്റെ ഇന്നൊവേഷൻ & എന്റർപ്രണർഷിപ്പ് ഇൻസ്റ്റിറ്റ്യൂട്ടിൽ സോഷ്യൽ മാർക്കറ്റിംഗ് പഠിപ്പിച്ചിരുന്ന പ്രൊഫസറാണ് ഇത്തരമൊരു കോഴ്സ് തുടങ്ങാനുള്ള ആശയം നൽകിയത്. മികച്ച പ്രകടനം കാഴ്ചവെക്കാവുന്നവയും അല്ലാത്തവയും ചർച്ച ചെയ്യാനും കോഴ്സ് വിദ്യാർഥികളെ സഹായിക്കുന്നുണ്ട്.