ഫ്ലോട്ടിങ് പാലം ശനിയാഴ്ച തുറന്നു, ഞായറാഴ്ച തകർന്നു; ചെലവ് 80 ലക്ഷം

മംഗളൂരു മൻപേ ബീച്ചിലെ ഫ്ലോട്ടിങ്ങ് പാലം തകർന്നു. ശനിയാഴ്ച തുറന്നുകൊടുത്ത പാലം ഒരു ദിവസത്തിനുള്ളിൽ തകർന്നു. പരീക്ഷണാടിസ്ഥാനത്തിൽ 15 ദിവസത്തേക്ക്‌ തുറന്നുകൊടുത്ത പാലമാണ് ശക്തമായ മഴയിലും തിരയിലുംപ്പെട്ട് ഞായറാഴ്ച വൈകിട്ടോടെ തകർന്നത്. പാലത്തിന്റെ ഭാഗങ്ങൾ കടലിൽ ഒഴുകിപ്പോയി.

കടലിൽ 100 മീറ്റർ ദൂരത്തേക്കാണ് പാലം. ഇതിന് മൂന്നരമീറ്റർ വീതിയുണ്ട്. 80 ലക്ഷം രൂപ ചെലവിട്ടാണ് പാലം പണിതത്. ശനിയാഴ്ചയാണ് പാലം ഉദ്ഘാടനം ചെയ്തത്. തിരമാല ശക്തമായതിനാൽ ഞായറാഴ്ച ഉച്ചയോടെ പാലത്തിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിച്ചിരുന്നില്ല. അതിനാൽ ആളപായമില്ല. അറ്റകുറ്റപണികൾ തീർത്ത് കാലവർഷത്തിന് മുൻപ് വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കുമെന്ന് അധികാരികൾ അറിയിച്ചു.