മകന്റെ തൊപ്പിയെടുക്കാൻ ജീവൻ പണയംവച്ച് ഭീമൻ മുതലയ്ക്കുമുന്നിൽ അച്ഛൻ: സാഹസം

പേടിപ്പെടുത്തുന്ന മൃഗങ്ങളും മനുഷ്യനും മുഖാമുഖം വരുന്ന അവസരങ്ങൾ അപൂർവമായി സംഭവിക്കാറുണ്ട്. ഭയംകൊണ്ട് ഓടി രക്ഷപ്പെടാനായിരിക്കും ഇത്തരം അപ്രതീക്ഷിത സന്ദർഭങ്ങളിൽ മനുഷ്യർ ശ്രമിക്കുക. എന്നാൽ തൊട്ടടുത്തെത്തിയ ഭീമൻ മുതലയുടെ മുന്നിൽ നിന്ന് തന്റെ മകന്റെ തൊപ്പി തിരിച്ചെടുത്ത് വളരെ ലാഘവത്തോടെ മടങ്ങിപ്പോയ ഒരഛന്റെ കഥ പറയും ആസ്ട്രേലിയയിലെ കക്കാഡുവിൽ നിന്നുള്ള ഒരു ക്യാമറക്കാഴ്ച.

കക്കാഡുവിലെ കാഹിൽസ് ക്രോസിംഗിലാണ് സംഭവം നടന്നത്. ഇര തേടി മുന്നിലേക്ക് ഇഴഞ്ഞുവന്ന ഭീകരജീവിയിൽ നിന്ന് മകന്റെ തൊപ്പി വീണ്ടെടുക്കാനുള്ള ധീരമായ ആ അച്ഛന്റെ ശ്രമമായിരുന്നു സിനിമകളിലെ സാഹസികരംഗങ്ങളെ ഓർമിക്കുന്ന കാഴ്ചയായി മാറിയത്. മൽസ്യബന്ധനത്തിനിടെ വലിയൊരു ബാരാമുണ്ടി മീനിനെ കിട്ടിയ ആവേശത്തിലായിരുന്നു സ്കോട്ട് റോസ്കാരൽ എന്ന യുവാവ്. എന്നാൽ ചൂണ്ടയിൽ കൊരുത്ത മുഴുത്ത മീൻ നദിയിലെ നാല് മീറ്റർ നീളമുള്ള മുതലയെ കൊതിപിടിപ്പിക്കുമെന്ന് ഓർത്തതേയില്ല. അതൊന്നുമല്ല ഈ കഥയിലെ ഭ്രാന്തൻ നിമിഷം! 

ചൂണ്ടയെ പിന്തുടർന്ന് വന്ന മുതല സ്കോട്ടിന്റെയും അച്ഛന്റെയും തൊട്ടടുത്തെത്തി. തൊട്ടു തൊട്ടില്ല എന്നായപ്പോൾ സ്കോട്ട് മീനിനെ  കോൺക്രീറ്റ് പാസിങ്ങിലേക്ക് വലിച്ചെടുത്തു. ഈ സമയത്താണ് സ്കോട്ടിന്റെ തൊപ്പി മുതലയ്ക്ക് മുന്നിലേക്ക് വീണത്. രണ്ടാമതൊന്ന് ആലോചിക്കാതെ മുതലയ്ക്ക് മുന്നില്‍ കുനിഞ്ഞ് മകന്റെ തൊപ്പി വീണ്ടെടുക്കുന്ന അച്ഛനാണ് വൈറൽ വിഡിയോയിൽ ഉദ്വേഗമുണർത്തുന്ന കാഴ്ച. ഒരു കാഴ്ചക്കാരനാണ് ശ്വാസം അടക്കിപ്പിടിച്ച് നോക്കിനിന്നുപോകുന്ന ദൃശ്യങ്ങൾ പകർത്തിയത്.