50ന് താഴെ പ്രായം; 5,000 വർഷം പഴക്കമുള്ള രണ്ട് സ്ത്രീകളുടെ അസ്ഥികൂടം; കണ്ടെത്തൽ

ഹരിയാനയിൽ സ്ഥിതി ചെയ്യുന്ന ഹാരപ്പൻ കാലഘട്ടത്തിലുള്ള നഗരമായിരുന്ന രാഖിഗഡി‍യിൽ അയ്യായിരം വർഷം പഴക്കമുള്ള അസ്ഥികൂടങ്ങൾ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. ഇവയിൽ നിന്നുള്ള ഡിഎൻഎ സാംപിളുകളും പല്ലുകളുടെ സാംപിളുകളും പരിശോധനയ്ക്കായി അയച്ചു. അക്കാലത്തു ജീവിച്ചിരുന്ന ആളുകളുടെ ഭക്ഷണരീതികളും വംശവിവരങ്ങളും കണ്ടെത്താൻ ഇതുപകരികുമെന്നാണു ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

5000 വർഷം മുൻപ് ജീവിച്ചിരുന്ന രണ്ട് വനിതകളുടെ അസ്ഥികൂടങ്ങൾ മൗണ്ട് നമ്പർ 7 എന്ന കുന്നിൽ നിന്നാണ് കണ്ടെത്തപ്പെട്ടത്. 40നും 50നും ഇടയിൽ പ്രായമുള്ളവരായിരുന്നു ഇവരെന്നാണു കരുതപ്പെടുന്നത്. ചില കുടങ്ങളും കരകൗശലവസ്തുക്കളുമെല്ലാം ഇവിടെ നിന്നു ലഭിച്ചിരുന്നു. 

പഴയകാല ഹാരപ്പൻ രീതിയിലുള്ള മൃതസംസ്കരണത്തിന്റെ ഭാഗങ്ങളാണ് ഇവയെല്ലാം. ഇതോടൊപ്പം തന്നെ ആഭരണനിർമാണശാലകൾ, ചിട്ടപ്പെടുത്തിയ അടുക്കള തുടങ്ങിയവയുടെയൊക്കെ അവശിഷ്ടങ്ങളും കിട്ടിയിട്ടുണ്ട്. സീലുകൾ, വളകൾ, ആന, നായ, കാള തുടങ്ങിയവയുടെ പ്രതിമകൾ, മുത്തുകൾ, കല്ലുകൾ തുടങ്ങിയവയും കണ്ടെത്തിയിട്ടുണ്ട്. പ്രബലവും വികസിതവുമായ ഒരു സംസ്കാരമാണ് ഇവിടെ നിലനിന്നത് എന്നതിനുള്ള തെളിവുകളാണ് ഇവയെല്ലാം. നിലവിൽ ഹരിയാനയിലെ രാഖി ഖാസ്, രാഖി ഷാഹ്പുർ എന്നീ ഗ്രാമങ്ങളിലായി പരന്നുകിടക്കുകയാണ് ആർജിആർ 1–7 എന്നിങ്ങനെ നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഏഴു കുന്നുകൾ. 350 ഹെക്ടർ സ്ഥലത്താണ് ഇവ വ്യാപിച്ചു കിടക്കുന്നത്.

ഹരിയാനയിലെ ഹിസാർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇവ രാഖിഗാഡി പൗരാണിക മേഖലയുടെ ഭാഗമാണ്. ആർജിആർ 7 എന്നത് ഹാരപ്പൻ കാലഘട്ടത്തിലെ ഒരു ശവസംസ്കാര മേഖലയായിരുന്നു.