പറഞ്ഞുതീരാത്ത ‘പടയപ്പ’ കഥകള്‍; മൂന്നാറിന്‍റെ അരുമ; നന്‍മയുള്ള കൊമ്പന്‍

padayappa
ചിത്രത്തിന് കടപ്പാട്– ബിനീഷ്
SHARE

മൂന്നാറുകാരോട് ആരെങ്കിലും, ‘ദേ കാട്ടാന പോകുന്നു’ എന്ന് പറഞ്ഞാൽ അവർ ഉടൻ തിരുത്തും. അത് പടയപ്പയാണ്, ചില്ലിക്കൊമ്പനാണ്, ഗണേശനാണ് എന്നൊക്കെ. കാടിറങ്ങുന്ന ഓരോ കാട്ടാനയ്ക്കും മൂന്നാറിൽ പ്രത്യേകം പേരുകളുണ്ട്. അങ്ങനെ കാടിറങ്ങുന്ന കാട്ടാനകളിൽ നാട്ടുകാരുടെ പ്രിയപ്പെട്ടവനാണ് പടയപ്പ. പടയപ്പയെക്കുറിച്ച് പറയാൻ ഓരോ മൂന്നാറുകാർക്കും നൂറുനാവാണ്. 

പടയപ്പ പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. കഴിഞ്ഞദിവസം ആനവണ്ടിയുമായി മുഖാമുഖമെത്തിയാണ് പടയപ്പ വീണ്ടും വാർത്തകളിൽ ഇടംനേടിയത്. മൂന്നാർ– ഉദുമൽപ്പേട്ട റോഡിൽ അൽപം ആശങ്കയുണ്ടാക്കിയെങ്കിലും ആളപായമൊന്നുമുണ്ടാക്കാതെ പടയപ്പ നടന്നുനീങ്ങി. 

പടയപ്പ എന്ന പേര്

മൂന്നാറിലെ തമിഴ്തോട്ടം തൊഴിലാളികളാണ് പടയപ്പ എന്ന സൂപ്പർഹിറ്റ് പേര് ആനയ്ക്ക് സമ്മാനിച്ചത്. പടയപ്പയുടെ പിൻകാലുകൾ മുൻകാലുകളേക്കാൾ നീളം കുറവാണ്. ഉർവശീ ശാപം ഉപകാരം എന്ന് പറയുന്നത് പോലെ ഇത് ആനയ്ക്ക് ഒരു അലങ്കാരമായി. നടപ്പിലെ സ്റ്റൈൽ കണ്ടിട്ടാണ് നടിപ്പിൽ സ്റ്റൈലായ രജനികാന്തിന്റെ ഹിറ്റ് ചിത്രം പടയപ്പയുടെ പേര് തന്നെ ആനയ്ക്കും നൽകിയത്. പടയപ്പയുടെ നടത്തം രജനിയുടെ പടയപ്പയുടെ നടത്തത്തെ അനുസ്മരിപ്പിക്കുന്നു എന്നാണ് ഇവര്‍ പറയുന്നത്. മൂന്നാറിലെ ഏറ്റവും തലയെടുപ്പുള്ള കൊമ്പനാണ് പടയപ്പ. മൂന്നാർ–മറയൂർ, തലയാർ, മാട്ടുപ്പെട്ടി തുടങ്ങിയ പ്രദേശങ്ങളിലാണ് മിക്കവാറും പടയപ്പയെ കാണുന്നത്.

പാവം കൊമ്പൻ

ഭക്ഷണത്തിനായി കാടിറങ്ങുമെങ്കിലും ഇതുവരെയും പടയപ്പ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പക്ഷം. ഈ അടുത്ത് മാട്ടുപ്പെട്ടി പരിസരത്ത് പടയപ്പ എത്തി. ആനയെക്കണ്ട വിനോദസഞ്ചാരികൾ നാലുപാടും ഓടി. അതിൽ ഒരു അമ്മ ആനയെക്കണ്ട് പേടിച്ച് ഓടുന്നതിന്റെയിടക്ക് കുഞ്ഞിന്റെ കൈവിട്ടുപോയി. കുഞ്ഞും പേടിച്ച് നിലവിളിക്കാൻ തുടങ്ങി. ആന കുഞ്ഞിന്റെ അടുത്ത് കൂടി അതിനെ തൊടാതെ നടന്ന് അകന്നു. എല്ലാവരും ശ്വാസമടക്കി നിന്ന നിമിഷമായിരുന്നു അത്. കാട്ടിൽ വേനൽ കടുത്തതോടെയാണ് പടയപ്പ കൂടുതലായി നാട്ടിലേക്ക് എത്തിതുടങ്ങിയത്. ലോക്ഡൗൺ കാലത്ത് മൂന്നാർ ടൗൺ നിശ്ചലമായത് ആനയ്ക്ക് അനുകൂലമായി. അതിന്ശേഷമാണ് കാടുകയറാൻ അത്ര താൽപര്യമില്ലാതെയായത്. ഭക്ഷണം കഴിച്ച വയറുനിറഞ്ഞാൽ പടയപ്പ തൃപ്തനാകും. 

മൂന്നാറുകാരുടെ കണക്കുകൂട്ടലനുസരിച്ച് പടയപ്പയ്ക്ക് 50 വയസിനടുത്ത് പ്രായമുണ്ട്. പ്രായത്തിന്റേതായ ചെറിയ അവശതകളുണ്ടെങ്കിലും തലയെടുപ്പിന്റെ കാര്യത്തിൽ പടയപ്പയെ വെല്ലാൻ ആരുമില്ല.

പക തീർക്കുന്ന ചില്ലിക്കൊമ്പനും ഗണേശനും

ആനപ്പക എന്നാൽ എന്താണെന്ന് ചോദിച്ചാൽ മൂന്നാറുകാർ പറയും അത് ചില്ലിക്കൊമ്പന്റെയും  ഗണേശന്റെയുമാണെന്ന്. മൂന്നാറിൽ കാടിറങ്ങുന്ന ഒറ്റയാൻമാരാണ് ഇവർ. അപകടകാരികളായ ഒറ്റയാൻമാരാണ് മൂവരും. കൂട്ടത്തിൽ ഗണേശന്റെ പകയാണ് കുപ്രസിദ്ധമെന്ന് നാട്ടുകാര്‍ പറയുന്നു. 2017 ൽ ദേവികുളം സ്വദേശി ജോർജിനെ കൊലപ്പെടുത്തിയ ഗണേശൻ വാശി തീരാതെ അടുത്ത 4 ദിവസം ജോർജിന്റെ കുഴിമാടത്തിലെ നിത്യ സന്ദർശകനുമായിരുന്നു എന്നാണ് കണ്ടവര്‍ പറയുന്നത്. രണ്ട് വർഷം മുൻപ് ജോർജ് ടയർ കത്തിച്ചെറിഞ്ഞ് ഗണേശനെ പൊള്ളിച്ചിരുന്നു. ആ പകയാണ് ജോർജിനോട് തീർത്തത്. ക്രൂരമായിട്ടാണ് കൊലപ്പെടുത്തിയത്, 

ചില്ലിക്കൊമ്പനും പകയുടെ കാര്യത്തിൽ മോശക്കാരല്ല. ജന്മനാ കൊമ്പിന് നീളം കുറവുള്ള കൊമ്പനാണ് ചില്ലിക്കൊമ്പൻ. 2020 വരെയുള്ള കണക്ക് അനുസരിച്ച് മൂന്ന്് പേരെയാണ് ചില്ലിക്കൊമ്പൻ കുത്തിക്കൊന്നത്. ഉപദ്രവകാരിയും അപകടകാരിയുമാണ് ചില്ലിക്കൊമ്പൻ.

കാടിറങ്ങുന്ന മറ്റൊരു കാട്ടാനയാണ് ഹോസ് കൊമ്പൻ. പിവിസി പൈപ്പ് കുത്തി പൊട്ടിച്ച കൂട്ടത്തിൽ കുറച്ചുഭാഗം കൊമ്പിൽ കുടുങ്ങി. അതിനുശേഷം ഒരടി നീളമുള്ള പൈപ്പുമായിട്ടാണ് ഈ കൊമ്പന്റെ നടപ്പ്. അതോടെയാണ് ഹോസ് കൊമ്പനെന്ന പേര് വന്നത്. റോഡിലിറങ്ങി വാഹനങ്ങൾ തടയുമെന്നതൊഴിച്ചാൽ ഇതുവരെ ഉപദ്രവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

ചക്കക്കൊമ്പൻ, അരികൊമ്പൻ, മുറിവാലൻ, ഫോർ ജി എന്നിവയാണ് മൂന്നാറിൽ നാടിറങ്ങുന്ന മറ്റ് കാട്ടാനകൾ. ചക്കയോട് പ്രിയമുള്ളത്കൊണ്ട് ചക്കക്കൊമ്പനെന്ന പേര് വന്നത് പോലെയാണ് അരിയോട് പ്രിയമുള്ള കൊമ്പന് അരിക്കൊമ്പനെന്ന പേരും വന്നത്. ബുദ്ധികൂർമതയ്ക്ക് പേരുകേട്ടവനായതുകൊണ്ട് ഫോർ ജിയ്ക്ക് ആ പേര് വീണത്. ചെറിയ വാലുള്ളത് കൊണ്ട് മുറിവാലനെന്ന പേരും നൽകിയാണ് മൂന്നാറുകാർ ആനകളെ തിരിച്ചറിയുന്നത്.

വിവരങ്ങൾക്ക് കടപ്പാട്: ബിനീഷ്, പ്രാദേശിക പത്രപ്രവര്‍ത്തകന്‍

MORE IN SPOTLIGHT
SHOW MORE