ആ രോഗം ഉൾക്കൊള്ളാനായില്ല; എപ്പോൾ വേണമെങ്കിലും അത് തിരിച്ചുവരും: നടി

94–ാമത് ഓസ്കർ നിശ എക്കാലവും ഓർമിക്കുക ഒരു കരണത്തടിയുടെ പേരിലായിരിക്കും. നടൻ വിൽ സ്മിത്ത് വേദിയിലേക്കു കയറിച്ചെന്ന് അവതാരകനും കൊമേഡിയനുമായ ക്രിസ് റോക്കിന്റെ മുഖത്തടിച്ചത് ലോകം മുഴുവനും അമ്പരപ്പോടെയായിരുന്നു കണ്ടത്. ഭാര്യ പിങ്കെറ്റ് സ്മിത്തിന്റെ വൈരൂപ്യത്തെ പരിഹസിച്ചതാണ് വിൽ സ്മിത്തിനെ പ്രകോപിപ്പിച്ചത്. അലോപ്പേഷ്യ എന്ന രോഗാവസ്ഥ മൂലം മുടി മുഴുവൻ കൊഴിഞ്ഞ നിലയിലാണ് പിങ്കെറ്റ്. ഈ രോഗാവസ്ഥയെയാണ് ഡെമി മൂറിന്റെ ജിഐ ജെയിൻ എന്ന ചിത്രത്തിലെ കഥാപാത്രത്തോട് ഉപമിച്ച് ക്രിസ് റോക്ക് പരിഹാസ വിഷയമാക്കിയത്

സംഭവത്തിനു പിന്നാലെ അലോപ്പേഷ്യ എന്ന രോഗത്തിനു പിറകെയായി ലോകം. എന്താണ് ഈ രോഗമെന്ന് അന്വേഷിക്കാനായി പലരും ആശ്രയിച്ചത് ഗൂഗിളിനെത്തെന്നെ. അതോടൊപ്പം ഈ രോഗാവസ്ഥ നേരിട്ട പലരും തങ്ങളുടെ അനുഭവം പങ്കുവച്ചു. ഇതിൽ സെലിബ്രിറ്റികളും ഉൾപ്പെടുന്നു. നടി സമീറ റെഡ്ഡിയും അക്കൂട്ടത്തിലുണ്ട്. മുടികൊഴിച്ചിൽ വർധിച്ചതും വൈകാതെ അത് അലോപേഷ്യ ആണെന്ന് തിരിച്ചറിഞ്ഞതും സമീറ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു.

‘2016 ലാണ് തനിക്ക് അലോപേഷ്യ ഉണ്ടെന്ന് തിരിച്ചറിയുന്നത്. തലയുടെ പുറകുവശത്ത് രണ്ടിഞ്ചോളം കഷണ്ടിയുണ്ടെന്ന് അക്ഷയ് കണ്ടു. ഒരു മാസത്തിനുള്ളിൽ അത്തരത്തിൽ വീണ്ടും രണ്ടിടത്ത് കണ്ടു. അത് ഉൾക്കൊള്ളുക പ്രയാസമായിരുന്നു. വൈകാരികമായി അതിനോട് പൊരുത്തപ്പെടുക പ്രയാസമായിരുന്നു. മുടികൊഴിച്ചിലിന് മാത്രമല്ല അതുമൂലമുണ്ടാകുന്ന മാനസികാവസ്ഥയ്ക്കു കൂടിയാണ് ചികിത്സ വേണ്ടത്.  കോർട്ടികോസ്റ്റിറോയ്ഡ്സ് ഇഞ്ചക്‌ഷനുകൾ ശിരോചർ‌മത്തിൽ വച്ചതോടെ മുടി കൊഴിഞ്ഞ ഭാഗങ്ങളിൽ കിളിർത്തു തുടങ്ങിയെന്നും നിലവിൽ ആരോഗ്യകരമായ മുടിയാണ് തനിക്ക് ഉള്ളത്. പക്ഷേ ജീവിതത്തിന്റെ ഏതുഘട്ടത്തിൽ വേണമെങ്കിലും ഈ അവസ്ഥ തിരിച്ചുവരാമെന്നും സമീറ പോസ്റ്റിൽ പറയുന്നു.