ഭാരക്കൂടുതലും വിക്കും ജീവിതം ദുഷ്ക്കരമാക്കി; പഴയകാല ചിത്രവുമായി നടി; കുറിപ്പ്

സെലിബ്രിറ്റികൾ തങ്ങളുടെ പഴയ കാല ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. പലതും വൈറലാകാറുമുണ്ട്. ചിലപ്പോൾ ഇപ്പോഴത്തെ രൂപവും ബാല്യകാല രൂപവും തമ്മിൽ വലിയ വ്യത്യാസം ഉണ്ടാകാറുണ്ട്. എന്നു വച്ചാൽ തിരിച്ചറിയാൻ പോലും സാധിക്കാത്ത രൂപം. തെന്നിന്ത്യൻ നടി സമീറ റെഡ്ഡി പങ്കു വച്ച തന്റെ പഴയ കാല ചിത്രം ആരാധകരിൽ ഒരേ സമയം കൗതുകവും പ്രചോദനവും നിറച്ചു. ഭാരക്കൂടുതലും വിക്കും ഒരു കൗമരക്കാരി എന്ന നിലയില്‍ എന്റെ ജീവിതം ദുഷ്‌കരമാക്കിയിരുന്നുവെന്നും താരം കുറിപ്പിൽ വ്യക്താമാക്കുന്നു

എല്ലാവരും ഒരുപോലെയല്ല എന്ന സത്യം മനസ്സിലാക്കുക, വ്യത്യസ്തതകളെ അംഗീകരിക്കുക. വേദനിപ്പിക്കുന്ന വാക്കുകളെ അതിജീവിക്കാന്‍ വിഷമകരമാണ്. എന്നാല്‍ ഈ കൊച്ചുപെണ്‍കുട്ടിയോട് ഞാന്‍ ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നത്, നീ എല്ലാം തികഞ്ഞവളാണെന്നാണെന്നും താരം കുറിക്കുന്നു. 

നേരത്തെ ബോഡി ഷെയിമിങ്ങിനെതിരെയുള്ള നിലപാടിൽ തുറന്നടിച്ചുകൊണ്ട് വിവാഹിതയും രണ്ടു കുഞ്ഞുങ്ങളുടെ അമ്മയുമായ സമീറ ചെയ്ത വിഡിയോ വാർത്താപ്രാധാന്യം നേടിയിരുന്നു. നരച്ചു തുടങ്ങിയ മുടിയും മുഖക്കുരുക്കളും മുഖത്തെ ചുളിവുകളും മേക്കപ്പിന്റെ സഹായത്തോടെ മറയ്ക്കാതെ തന്റെ മൊബൈലിൽ പകർത്തിയ സെൽഫി വിഡിയോ ഒട്ടേറെപ്പേർക്കുള്ള പ്രചോദന സന്ദേശം കൂടിയായിരുന്നു. ഒരു വയസ്സുള്ള കുഞ്ഞിന്റെ അമ്മ തന്റെ സൗന്ദര്യം നഷ്ടപ്പെട്ടെന്നു പരിഭവിച്ച് അയച്ച മെസേജിനുള്ള മറുപടിയായിട്ടാണ് സമീറ രാവിലെ ഉറക്കമുണർന്നപാടേ ഒരുവിധ മേക്കപ്പിനും നിൽക്കാതെ, ഒരു ഡിസൈനർ വേഷവും എടുത്തണിയാതെ, വീട്ടുവേഷത്തിൽ തന്നെ തന്റെ വിഡിയോ പകർത്തിയത്