മഞ്ഞ് പുതച്ച് സ്റ്റേഷനുകൾ, മഞ്ഞിൽ പൊതിഞ്ഞ തീവണ്ടികൾ: കാഴ്ച പങ്കുവച്ച് റയിൽവേ

കഴിഞ്ഞ കുറേദിവസങ്ങളായി ലോകത്തിന്റെ പല ഭാഗങ്ങളിലും മലയോരമേഖലകളിൽ  മഞ്ഞുപെയ്തുകൊണ്ടിരിക്കുകയാണ്.യൂറോപ്യൻ രാജ്യങ്ങളിൽ മാത്രമല്ല ഇങ്ങ് ഇന്ത്യയിലുമുണ്ട് ഹൃദയം കീഴടക്കുന്ന ഇത്തരം കാഴ്ചകൾ.  ജമ്മു കശ്മീരിൽ നിന്നുള്ള മനം കുളിർപ്പിക്കുന്ന മഞ്ഞുകാലക്കാഴ്ച പങ്കുവച്ചിരിക്കുന്നത് ഇന്ത്യൻ റയിൽവേയാണ്.

റയിൽവേ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് ബാരാമുള്ളയിലെ സാധുറാ റയിൽവേ സ്റ്റേഷൻ മഞ്ഞുപുതച്ചു നിൽക്കുന്ന കാഴ്ച കാണാനാവുക. യുനെസ്കോ പൈതൃക സ്മാരകമായ കാൽക്ക-ഷിംല  മലയോര തീവണ്ടിപ്പാതയിലെ കാഴ്ചകളും റയിൽവേ മന്ത്രാലയം പങ്കുവച്ചിട്ടുണ്ട്. മനം കുളിർപ്പിക്കുന്ന ഈ കാഴ്ചകൾ ഇന്ത്യയിൽനിന്ന് തന്നെ എന്ന് വിശ്വസിക്കാനാകുന്നില്ല എന്നാണ് വീഡിയോയ്ക്ക് താഴെ പലരും പ്രതികരിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിലെപ്പോലെ തോന്നുന്നു എന്നും പറയുന്നവരുണ്ട്. ഹൃദ്യമായ കാഴ്ചകൾ പങ്കുവെച്ച റയിൽവേക്ക് നന്ദി പറയുന്നവരും കുറവല്ല.

ശ്രീനഗർ റയിൽവേ സ്റ്റേഷൻ മഞ്ഞുപുതച്ചുനിൽക്കുന്ന ചിത്രങ്ങൾ റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.‘ഭൂമിയിലെ സ്വർഗം’ എന്നായിരുന്നു ഫോട്ടോയ്ക്ക് അദ്ദേഹം നൽകിയ അടിക്കുറിപ്പ്.