ജൊനാഥൻ, വയസ്സ് 190; സ്വന്തമാക്കിയത് ഗിന്നസ് റെക്കോർഡ് !

പേര് ജൊനാഥൻ. ജനിച്ചത് 1832ൽ. ഇപ്പോൾ വയസ്സ് 192. പറഞ്ഞുവരുന്നത് ഒരു ആമയെക്കുറിച്ചാണ്. ലോകത്തെ ഏറ്റവും പ്രായം കൂടിയ ആമ എന്ന ഗിന്നസ് റെക്കോർഡ് നേടിയിരിക്കുകയാണ് ജൊനാഥനിപ്പോൾ.കരയിലെ ഏറ്റവും പ്രായം കൂടിയ ജീവിയും ഇപ്പോൾ ജൊനാഥനാണ്.

ബ്രിട്ടിഷ് അധീനപ്രദേശമായ സെന്റ് ഹെലേന ദ്വീപിലാണ് ഈ ആമയപ്പൂപ്പന്‍ തന്റെ 190ാം പിറന്നാൾ ആഘോഷിച്ചത്. 1882ൽ സീഷെൽസിൽ നിന്ന് സെന്റ് ഹെലേനയിൽ എത്തിച്ചേരുമ്പോൾ ജൊനാഥൻ പൂർണവളർച്ച പ്രാപിച്ച് തന്റെ അമ്പതുകളിൽ എത്തിയിരുന്നു. ഇത് വച്ചാണ് ജൊനാഥന്റെ പ്രായം കണക്കാക്കിയതെന്ന് ഗിന്നസ് ബുക്ക് അധികൃതർ വ്യക്തമാക്കി. 188 വയസ്സുവരെ ജീവിച്ച ടൂയി മലില എന്ന ആമയായിരുന്നു ഇതിനുമുൻപ് ഏറ്റവും പ്രായം കൂടിയ ജീവി എന്ന സ്ഥാനത്തിന് അർഹയായത്.

മനുഷ്യരുമായി വളരെ അടുത്ത് പെരുമാറാൻ മടിയില്ലാത്ത ആമയപ്പൂപ്പന് പക്ഷേ പ്രായത്തിന്റേതായ ചില്ലറ അസ്ക്യതകളൊക്കെയുണ്ട്. എങ്കിലും വെറ്ററിനറി വിഭാഗം ജൊനാഥന്  ആവശ്യമായ പോഷകാഹാരങ്ങളൊക്കെ മുറയ്ക്ക് നൽകാറുണ്ട്.കാബേജ്, കുക്കുംബർ, ആപ്പിൾ, കാരറ്റ് എന്നിവയൊക്കെയാണ് ഇഷ്ടാഹാരം. ഭക്ഷണം, ഉറക്കം, ഇണചേരൽ ഇതൊക്കെ പ്രിയം. കാഴ്ചയും മണമറിയാനുള്ള കഴിവും നഷ്ടപ്പെട്ടെങ്കിലും എമ്മയുമായും ചിലപ്പോൾ ഫ്രെഡുമായും ഇണചേരുന്നതിൽ താൽപ്പര്യം കാണിക്കാറുണ്ടെന്നും മൃഗശാല അധികൃതർ പറയുന്നു.