ഇടുക്കി ഡാമിനുള്ളിലെ വൈഡൂര്യം; വെള്ളത്തിൽ മറഞ്ഞ വൈരമണി ഗ്രാമം

idukki-dam-vairamani
SHARE

നാടിനു വെളിച്ചമാവാൻ വെള്ളത്തിൽ മറഞ്ഞ വൈരമണി ഗ്രാമത്തിന്റെ കഥ ഇടുക്കിയുടെ ചരിത്രത്തിൽ ഏറെ പ്രധാനപ്പെട്ടതാണ്....

കുളമാവ്: ഇടുക്കി അണക്കെട്ട് നിർമാണം പൂർത്തിയായതോടെ വെള്ളത്തിൽ മറഞ്ഞതാണ് വൈരമണി ഗ്രാമം. അണക്കെട്ടിനുള്ളിലെ വൈരമണി ഗ്രാമത്തിന് പറയാൻ ഏറെ കഥകളുണ്ട്. വൈരമണി കേന്ദ്രമായ സമീപ ഗ്രാമപ്രദേശങ്ങളായ കുതിരകുത്തി, മയ്യന്ന, കയനാട്ടുപാറ, വേങ്ങാനം, ചുരുളി, ക്ടാവര, മുത്തിക്കണ്ടം, നടയ്ക്കവയൽ ഗ്രാമങ്ങളുടെ വാണിജ്യ കേന്ദ്രമായിരുന്നു വൈരമണി. 2000ലേറെ കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. അരനൂറ്റാണ്ട് മുൻപ് ഇടുക്കി ഡാം നിർമാണത്തിനായി കുടിയൊഴിപ്പിച്ച ഗ്രാമത്തിന്റെ ശേഷിപ്പുകൾ, അണക്കെട്ടിലെ ജലനിരപ്പ് 15 ശതമാനത്തിൽ താഴെയെത്തിയാൽ കാണാൻ കഴിയും.

തൊടുപുഴയിൽ നിന്നു കൂപ്പ്റോഡിലൂടെ എത്തിയിരുന്ന വാഹനങ്ങൾ കുളമാവ് വനത്തിലൂടെ വൈരമണി വഴിയാണു കട്ടപ്പനയിലേക്കു പോയിരുന്നത്. തൊടുപുഴയ്ക്കും കട്ടപ്പനയ്ക്കും ഇടയിലുള്ള പ്രധാന ടൗൺ ആയിരുന്നു വൈരമണി. സർ സിപിയുടെ കാലത്ത് ഭക്ഷ്യക്ഷാമമുണ്ടായതോടെ ചതുപ്പുനിലങ്ങൾ പാട്ടത്തിനു നൽകാൻ തീരുമാനിച്ചതിന്റെ ഭാഗമായി ഒരു കുടുംബത്തിന് 5 ഏക്കർ വീതം ഭൂമി നൽകിയാണ് ആളുകളെ കുടിയിരുത്തിയത്. പിന്നീട് വന്ന കമ്യൂണിസ്റ്റ് സർക്കാർ ഈ സ്ഥലത്തിനു പട്ടയം നൽകി.

നെൽക്കൃഷിക്ക് സമ്പുഷ്ടമായ പ്രദേശങ്ങളായിരുന്നു ഈ ഗ്രാമങ്ങൾ. നൂറുവർഷത്തിലധികം പഴക്കമുള്ള സെന്റ് തോമസ് പള്ളി, വീടുകളുടെയും കടകളുടെയും തറകൾ തുടങ്ങി വൈരമണി ഗ്രാമത്തിലെ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ ജലനിരപ്പ് താഴ്ന്നാൽ പ്രത്യക്ഷമാകും. സെന്റ് തോമസ് പള്ളി പിന്നീട് സെന്റ് മേരീസ് പള്ളി എന്ന പേരിൽ കുളമാവിലേക്കു മാറ്റി സ്ഥാപിച്ചു. വൈരമണിയിൽ 5-ാം ക്ലാസ് വരെയുള്ള ഒരു സർക്കാർ വിദ്യാലയമുണ്ടായിരുന്നു.

ചെറിയ കടകളും മറ്റും ഉണ്ടായിരുന്ന അക്കാലത്തെ പ്രധാന കേന്ദ്രമായിരുന്നു വൈരമണി. കുളമാവിൽ നിന്നു കട്ടപ്പനയ്ക്കു പോകുന്നവരുടെ ഇടത്താവളവുമായിരുന്ന വൈരമണി ചെറുതോണിക്കും കുരുതിക്കളത്തിനും ഇടയിലെ വലിയ ജനവാസ കേന്ദ്രമായിരുന്നു. 1974ൽ ഇടുക്കി ഡാമിന്റെ റിസർവോയറിൽ വെള്ളം നിറച്ചപ്പോഴാണ് ഗ്രാമം വിസ്മൃതിയിലായത്. അണക്കെട്ടിന്റെ നിർമാണത്തിനായി ഈ കുടുമബങ്ങളെ വണ്ണപ്പുറം, ചാലക്കുടി, മഞ്ഞപ്ര, കോരുത്തോട്, ചേലച്ചുവട് പ്രദേശങ്ങളിലാണ് കുടിയിരുത്തിയത്.

ഒരു കുടുംബത്തിന് 3 ഏക്കർ വീതം സ്ഥലമാണ് നൽകിയിരുന്നത്. മൊട്ടക്കുന്നുകൾക്ക് ഇടയിലൂടെയുള്ള ഈ വഴിയുടെ അവശിഷ്ടങ്ങളും ഇപ്പോൾ കാണാം. വൈരമണിയിലെത്താൻ കുളമാവിൽ നിന്നു റിസർവോയറിലൂടെ മുക്കാൽ മണിക്കൂർ വള്ളത്തിൽ സഞ്ചരിക്കണം. വൈരമണിയുടെ പേരിൽ ഇപ്പോൾ ശേഷിക്കുന്നത് വൈരമണി ഫോറസ്റ്റ് സ്റ്റേഷൻ മാത്രം. കുളമാവ് ഫോറസ്റ്റ് സ്റ്റേഷൻ വൈരമണി ഫോറസ്റ്റ് സ്റ്റേഷനായാണ് രേഖകളിലുള്ളത്.

MORE IN SPOTLIGHT
SHOW MORE