അവൾ 1300 കി.മീ അകലെ ഇന്ത്യയിൽ; പാക്കിസ്ഥാനിലെ കാമുകൻ നടന്നു; ഒടുവിൽ

പ്രണയസാഫല്യത്തിനായി പലരും എന്ത് സാഹസികതയ്ക്കും മുതിരാറുണ്ട്. ഇപ്പോഴിതാ ഇന്ത്യയിലുള്ള കാമുകിയെ കാണാൻ പാക്കിസ്ഥാനില്‍ നിന്ന് കാൽനടയായി യാത്ര തിരിച്ചിരിക്കുകയാണ് യുവാവ്. എന്നാൽ അതിർത്തിയിലെത്തിയതോടെ യാത്ര അവസാനിപ്പിക്കേണ്ടി വന്നു. മുംബൈയിലുള്ള പെൺകുട്ടിയുമായി കോവിഡ് കാലത്താണ് യുവാവ് സോഷ്യൽമീഡിയയിലൂടെ പരിചയപ്പെടുന്നത്. പ്രണയം കടുത്തപ്പോൾ കാമുകിയെ നേരിൽ കാണാൻ യുവാവ് ഇറങ്ങിത്തിരിച്ചു.

1,300 കി.മീ ദൂരെയുള്ള കാമുകിയെ കാണാൻ കാൽനടയായി ഇയാൾ യാത്ര തിരിക്കുകയായിരുന്നു. ഇന്ത്യയിലെത്തി നടന്നുപോകാനായിരുന്നു പദ്ധതി. ഈ യാത്രയ്ക്കാണ് രാജസ്ഥാൻ അതിർത്തിയിൽ പൊലീസ് തടയിട്ടത്.അതിർത്തിയിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള പാകിസ്താൻ പഞ്ചാബിലെ ബഹവൽപൂർ ജില്ലയിലാണ് മുഹമ്മദ് അമീർ എന്ന 21 കാരൻ താമസിക്കുന്നത്. മുംബൈയിലെ കാണ്ടിവിയിൽ നിന്നുള്ള 20 കാരിയായ പെൺകുട്ടിയെ കാണാനാണ് 1,300 കിലോമീറ്റർ ദൂരെയുള്ള കാമുകിയെ കാണാൻ കാൽനടയായി യാത്ര ചെയ്യാൻ അമീർ തീരുമാനിച്ചത്. കാമുകിയെ കാണാൻ പുറപ്പെട്ടതാണെന്ന യുവാവിന്‍റെ വാദം രാജസ്ഥാൻ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇയാള്‍ പറയുന്നത് സത്യമാണോ എന്ന് സ്ഥിരീകരിക്കാനും പെൺകുട്ടിയെ കണ്ടെത്താനും പ്രത്യേക പൊലീസ് സംഘത്തെ മുംബൈയിലേക്ക് അയച്ചിരുന്നു. അവർ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പറയുന്നതെല്ലാം സത്യമാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. സ്‌കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച അമീർ ദരിദ്ര കുടുംബത്തിൽ നിന്നുള്ളയാളാണെന്നും ഡിസംബർ മൂന്നിന് രാത്രി മാതാപിതാക്കളറിയാതെയാണ് ഗ്രാമം വിട്ടെന്നും പൊലീസ് പറഞ്ഞു. നിയമലംഘനത്തിനും മറ്റ് കുറ്റങ്ങൾക്കും യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. ഇയാൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നാണ് വിവരം.