യുദ്ധക്കപ്പലുകളും വിമാനങ്ങളും മുന്നോട്ട്; കരുതൽ ശേഖരം കൂട്ടാന്‍ നിർദ്ദേശം

ലഡാക്കിലെ ഗാൽവനിലുണ്ടായ ചൈനീസ് അതിക്രമത്തിന്റെ പശ്ചാത്തലത്തിൽ യുദ്ധകരുതൽ ശേഖരം വർധിപ്പിക്കാൻ സൈനിക വിഭാഗങ്ങൾക്ക് അടിയന്തര നിർദ്ദേശം. വിഷയത്തിൽ ചർച്ചയുമായി ഇന്ത്യ മുന്നോട്ട് പോകുന്നുണ്ടെങ്കിലും സുസജ്ജമായിരിക്കാനാണ് സേനകൾക്ക് നൽകിയ മുന്നറിയിപ്പെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സേനകളുടെ അടിയന്തര ആവശ്യങ്ങൾ എന്തൊക്കെയാണെന്ന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് മൂന്നു സേനാമേധാവിമാരോടും ചോദിച്ചിരുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. 

യുദ്ധക്കപ്പലുകൾ മലാക്ക കടലിടുക്കിന് സമീപം അടുപ്പിക്കാൻ നാവിക സേനയ്ക്കും നിർദ്േദശം നൽകിയിട്ടുണ്ട്. വേണ്ടി വന്നാൽ പ്രതിരോധന നീക്കമെന്ന നിലയിൽ സഞ്ചരിക്കാനുള്ള അനുവാദവും കൈമാറിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

നേരത്തേ നിലയുറപ്പിച്ച മേഖലകളിൽനിന്ന് മുന്നോട്ടുനീങ്ങാൻ വ്യോമസേനയോടും ആവശ്യപ്പെട്ടു. യുദ്ധവിമാനങ്ങൾ ഉൾപ്പെടെയുള്ളവ മുന്നോട്ടുനീക്കാനാണ് നിർദേശം. പാംഗോങ് ട്സോയെ ച്ചൊല്ലിയുള്ള കോർപ് കമാൻഡർ തല ചർച്ച വേണമെന്ന് ചൈന കുറച്ചുദിവസങ്ങളായി ആവശ്യപ്പെടുന്നത് ഇന്ത്യൻ ക്യാംപിൽ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. ഈ ചർച്ച വേണമെന്ന് ജൂൺ 16നും ചൈന ആവശ്യപ്പെട്ടു. ഈ ഉയർന്നതല ചർച്ച ഗൽവാനിൽനിന്നു ചൈനീസ് സൈന്യം തിരിച്ചുപോയശേഷമേ ഉണ്ടാകൂയെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.

എന്നാൽ പ്രാദേശിക കമാൻഡർ തല ചർച്ചയ്ക്കുശേഷം ചൈനീസ് സേന കുറച്ചു പിന്നോട്ടുപോയെങ്കിലും ഗൽവാനിലെ പട്രോളിങ് പോയിന്റ് 14 ൽ സ്ഥാപിച്ച ടെന്റുകൾ നീക്കാൻ തയാറായില്ല. പിപി 17ലെ ഇന്ത്യൻ ടെന്റുകളെച്ചൊല്ലിയും ചൈന എതിർപ്പ് അറിയിച്ചിരുന്നു. അടുത്തനാളുകളിലായി ചൈനയുടെ സ്ഥിരം രീതിയാണിത്. ഏതെങ്കിലും മേഖലയിലേക്ക് അതിക്രമിച്ചു കയറും ടെന്റുകൾ സ്ഥാപിക്കും. പിന്നീട് ടെന്റകൾ അഴിച്ചുമാറ്റാതെ പിന്മാറും. പിന്നീട് എന്തെങ്കിലും ആവശ്യത്തിനു തിരിച്ചുവരേണ്ടിവന്നാൽ ഉടനടി ഉപയോഗിക്കാവുന്ന തരത്തിലാണ് ടെന്റുകൾ സ്ഥാപിക്കുന്നതെന്നാണ് സേനാവൃത്തങ്ങളിൽനിന്നു ലഭിക്കുന്ന വിവരം.

ഗാൽവൻ താഴ്​വരയിലെ പ്രശ്നങ്ങൾ അടിയന്തര പ്രാധാന്യത്തോടെ പരിഹരിച്ചതിന് ശേഷം മതി മറ്റ് നടപടികളെന്നാണ് ഡൽഹിയിൽ ചേർന്ന ഉന്നതതലയോഗത്തിൽ നേരത്തെ തീരുമാനം ഉണ്ടായത്.