റോഡിലേക്ക് ഇഴഞ്ഞെത്തി പാമ്പിൻകൂട്ടം; കൈ കൊണ്ട് പിടിച്ചെറിഞ്ഞ് യുവാവ്

പാമ്പുകളെ ജനസഞ്ചാരമുള്ള റോഡുകളിൽ കാണുന്നത് അത്ര അപൂർവല്ല. റോഡ് മുറിച്ചു കടക്കാനുള്ള ശ്രമത്തിൽ വാഹനങ്ങൾ കയറിയിറങ്ങി ഇവയുടെ ജീവൻ നഷ്ടപ്പെടുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. ഇഴജന്തുക്കൾ റോഡുകളിലേക്ക് വരുന്നത് യാത്രക്കാരിൽ ആശങ്കയുളവാക്കുന്നതാണ്. അപ്പോൾ അസംഖ്യം പാമ്പുകൾ എത്തിയാലുള്ള രംഗം ഒന്നു ആലോചിച്ചു നോക്കൂ. അത്തരമൊരു വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. റെഡിറ്റിലാണ് ഈ അപൂർ‍വ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

വിഡിയോയിൽ റോഡിന്റെ അരികിലേക്ക് ഇഴഞ്ഞുകയറുന്ന ഒരുകൂട്ടം പാമ്പുകളെ കാണാം. റോഡിലേക്ക് ഇഴഞ്ഞു കയറാൻ ശ്രമിക്കുന്ന പാമ്പുകളെ ഒരു മനുഷ്യൻ വെറുംകൈകൊണ്ട് പിടിച്ച് താഴെയുള്ള കാട്ടിലേക്ക് വലിച്ചെറിയുന്നതാണ് ദൃശ്യത്തിലുള്ളത്. സംഭവം നടന്നത് എവിടെയാണെന്നോ എപ്പോഴാണെന്നോ വ്യക്തമല്ല.പേടികൂടാതെയാണ് ഇയാൾ പാമ്പുകളെ കൈകാര്യം ചെയ്തത്. അവയ്ക്കും അപകടമൊന്നും പറ്റാത്ത വിധത്തിലാണ് പാമ്പുകളെ പിടിച്ചെറിയുന്നത്. ഒരുകൂട്ടം ആളുകൾ ഇയാൾ പാമ്പുകളെ പിടിക്കുന്നത് കാണാൻ റോഡിൽ കൂട്ടം ചേർന്നു നിൽക്കുന്നുണ്ടായിരുന്നു. കടുത്ത മഴയാകാം പാമ്പുകളെ ഉണങ്ങിയ പ്രതലമുള്ള റോഡിലേക്ക് കയറാൻ പ്രേരിപ്പിച്ചതെന്നാണ് നിഗമനം. നിരവധി പ്രതികരണങ്ങളാണ് വിഡിയോക്ക് താഴെ നിറയുന്നത്.