ക്രിസ്മസ് ദ്വീപിലിത് ചുവന്ന ഞണ്ടുകളുടെ ദേശാടനകാലം; കൗതുകമായി കാഴ്ച

പടിഞ്ഞാറന്‍ ഒാസ്ട്രേലിയയില്‍ നിന്നൊരു ദേശാടനക്കാഴ്ച കാണാം. ദശലക്ഷക്കണക്കിന് ചുവന്ന ഞണ്ടുകളാണ് പ്രജനനത്തിനായി ഒാസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപില്‍ നിന്ന് സമുദ്രതീരത്തേക്ക് ദേശാടനം നടത്തുന്നത്. അവയുടെ യാത്ര കണ്ണിനിമ്പമാ‌ര്‍ന്ന കാഴ്ച തന്നെയാണ്. 

ഒാസ്ട്രേലിയില്‍ നിന്ന് 240കിമി അകലെ ഇന്ത്യൻ മഹാസമുദ്രത്തിൽ പടിഞ്ഞാറൻ ജാവയുടെ ഉൾഭാഗത്തായി സ്ഥിതി ചെയ്യുന്ന ക്രിസ്മസ് ദ്വീപ്. 135 ചതുരശ്ര കിലോമീറ്ററിൽ പരന്ന് കിടക്കുന്നൊരു ദേശീയോദ്യാനം. കടൽ ജീവികളും വ്യത്യസ്തയിനം പക്ഷികളുംയഥേഷ്ടം ജീവിക്കുന്ന ക്രിസ്മസ് ദ്വീപിൽ റെഡ് ക്രാബ് എന്ന പ്രത്യേക വിഭാഗത്തില്‍പ്പെട്ട ഞണ്ടുകളുടെ പ്രജനനകാലമാണ് ഒക്ടോബർ നവംബർ മാസങ്ങള്‍. വർഷത്തിന്റെ ഭൂരിഭാഗം സമയത്തും ദ്വീപിലെ കാടിനകത്ത് കഴിയുന്ന റെഡ് ക്രാബുകൾ സമുദ്ര തീരത്തോടുചേര്‍ന്നുള്ള മാളങ്ങളിലേക്ക് കൂട്ടമായാണ് എത്തുക. 

ഇണചേരാനും മുട്ടയിടാനുമാണ് ഈ യാത്ര. ഇണചേർന്ന് കഴിഞ്ഞാൽ ആണ്‍ ഞണ്ടുകള്‍ കാടുകയറും. എന്നാല്‍ പെണ്‍ഞണ്ടുകള്‍ തീരത്തോടുചേർന്നുള്ള മാളത്തില്‍ത്തന്നെ 2ആഴ്ച കൂടി തുടരും. ഒരു പെൺ ഞണ്ട് 100,000 മുട്ടകൾവരെയിടും. മുട്ടയിട്ടാൽ അത് മുഴുവൻ കടലിലേക്ക് തട്ടിയിടും. ക്രിസ്മസ് ദ്വീപ് റെഡ് ക്രാബുകളുടെ പറുദീസയാണ്. പ്രജനനത്തിനായി ഇവ കാട്ടിൽ നിന്ന് ഇറങ്ങിവരുന്നത് ഒരു കാഴ്ച തന്നെയാണ്. ചുവന്ന പരവതാനി കാറ്റത്ത് അലയായ് ഒഴുകും പോലെയാണത്. റെഡ് ക്രാബുകളുടെ ഹണിമൂൺ എന്ന് ഈ യാത്രയെ കവികള്‍ വിശേഷിപ്പിക്കാറുണ്ട്. 

തീരത്തോട് ചേർന്നുള്ള റോഡ് അടച്ചിടേണ്ടി വരാറുണ്ട് ഈ ഞണ്ട് റാലി പോകുമ്പോൾ. മിണ്ടീം പറഞ്ഞും ഉല്ലസിച്ച് അവ കടന്ന് പോകുമ്പോഴേക്കും ഗതാഗതക്കുരുക്കിൽപ്പെട്ട് കിടക്കുന്ന വണ്ടികളുടെ നീണ്ട നിര കാണാം. ഈ കാഴ്ച  ആസ്വദിക്കാനായി മാത്രം ദ്വീപിലെത്തുന്ന സഞ്ചാരികളുണ്ട്. ചിലർ കണ്ടുനിൽക്കുക മാത്രമല്ല, റോഡിൽ നീണ്ട് നിവർന്നങ്ങ് കിടക്കും. ഞണ്ടുകൾ മേലാകെ പൊതിയുമ്പോഴുള്ള സുഖമാസ്വദിക്കാനാണിത്. ജീവിതം പറഞ്ഞ് പോകുന്ന ഞണ്ടുകളേ നോക്കിനിൽക്കേ പ്രണയം പറയുന്നവരും പ്രണയിനിയെ ചേർത്തുപിടിച്ച് പിണക്കം മാറ്റുന്നവരും ആൾക്കൂട്ടത്തിലുണ്ടാവും. കാരണം ക്രിസ്മസ് ദ്വീപിൽ ഇത് ഇണചേരലിന്റെ മരംപെയ്യും കാലമാണ്.