‘കൂർത്ത പല്ലുകൾ, ശരീരം നിറയെ മുള്ളുകൾ, നെറ്റിയിൽ ആന്റിന’; തീരത്ത് വിചിത്ര ചെകുത്താൻ മത്സ്യം

Image Credit: Jay Beiler

യുഎസിലെ സാൻഡിയാഗോയിൽ കടൽത്തീരത്തടിഞ്ഞ വിചിത്ര രൂപമുള്ള ചെകുത്താൻ മത്സ്യത്തിന്റെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ടോറെ പൈൻസിലെ ബ്ലാക്ക് ബീച്ചിലാണ് അപൂർവ മത്സ്യത്തെ കണ്ടെത്തിയത്. വൈകുന്നേരം കടൽത്തീരത്ത് നടക്കാനിറങ്ങിയ ജെയ് ബൈലർ എന്ന യുവാവാണ് തീരത്തടിഞ്ഞ ഭയപ്പെടുത്തുന്ന രൂപമുള്ള മത്സ്യത്തെ ആദ്യം കണ്ടത്. 

ആദ്യം കണ്ടപ്പോൾ വിചിത്ര രൂപമുള്ള ജെല്ലിഫിഷ് ആണെന്നാണ് ജെയ് ബൈലർ കരുതിയത്. എന്നാൽ അടുത്തുവന്നു പരിശോധിച്ചപ്പോഴാണ് ഇതുവരെ കണ്ടിട്ടില്ലാത്ത മത്സ്യമാണെന്ന് മനസ്സിലായത്. അതുകൊണ്ട് തന്നെ മത്സ്യത്തിന്റെ ചിത്രങ്ങൾ പകർത്തിയതിന് ശേഷമാണ് ജെയ് ബൈലർ അവിടെനിന്നും വീട്ടിലേക്ക് മടങ്ങിയത്. ചിത്രങ്ങൾ മറ്റുള്ളവരുമായി പങ്കുവച്ചപ്പോഴാണ് ആഴക്കടലിൽ മാത്രം കാണപ്പെടുന്ന പസിഫിക് ഫുട്ബാൾഫിഷ് ആണിതെന്ന് വ്യക്തമായത്. ആംഗ്ലർ ഫിഷ് വിഭാഗത്തിൽ പെട്ട വലിയ മത്സ്യമാണിത്. സമുദ്രോപരിതലത്തിൽ നിന്നും 3000– 4000 അടിയോളം താഴ്ചയിലാണ് ഇവ കാണപ്പെടുന്നത്. 

ഇരുണ്ട തവിട്ടുനിറമുള്ള ഇവയുടെ രൂപം ഒറ്റനോട്ടത്തിൽ ഭയപ്പെടുത്തുന്നതാണ്. വലുപ്പമുള്ള തലയും വായിൽ നിറയെ കൂർത്ത പല്ലുകളും ശരീരം നിറയെ മുള്ളുകളുമാണ് ഇവയുടെ മറ്റൊരു പ്രത്യേകത. 1837ൽ ജന്തുശാസ്ത്രജ്ഞനായ ജോഹൻ റെയ്ൻഹാർട്ട് ആണ് ഇതിനെ ആദ്യമായി കണ്ടെത്തിയത്. നെറ്റിയിൽ ഉയർന്നു നിൽക്കുന്ന ആന്റിന പോലുള്ള അവയവും മറ്റു മത്സ്യങ്ങളിൽ നിന്ന് ഇവയെ വ്യത്യസ്തരാക്കുന്നു.