ഏഴടി നീളം; പായ്ക്കപ്പലിൽ പതുങ്ങി പെരുമ്പാമ്പിന്റെ യാത്ര; തീരമെത്തിയപ്പോൾ.!

ദ്വീപസമൂഹമായ ഫ്ലോറിഡ കീയ്സിൽ നിന്നും യാത്രപുറപ്പെട്ട  ഒരു പായ്കപ്പലിൽ ആരും അറിയാതെ കയറിപ്പറ്റിയത് ഏഴടി നീളമുള്ള  പെരുമ്പാമ്പ്. ഏതാണ്ട് 160 കിലോമീറ്ററിനടുത്ത് ദൂരം കപ്പലിൽ ആരും കാണാതെ പെരുമ്പാമ്പ് പതുങ്ങിയിരുന്നു. പായ്കപ്പലിന്റെ ഷവർ ഏരിയയിൽ ആയിരുന്നു പെരുമ്പാമ്പിന്റെ ഒളിത്താവളം. ഒടുവിൽ വെള്ളിയാഴ്ച മാക്രോ ദ്വീപിൽ കരയ്ക്കടിപ്പിച്ചപ്പോഴാണ് പെരുമ്പാമ്പിനെ കപ്പലിലുണ്ടായിരുന്നവർ കണ്ടെത്തുന്നത്. 

പെരുമ്പാമ്പ് എങ്ങനെയാണ് കപ്പലിൽ കയറിയതെന്ന് വ്യക്തമല്ല. നാവികർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് സംഘം ഉടൻതന്നെ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി വന്യജീവികളെ കൈകാര്യം ചെയ്യുന്ന വ്യക്തിയെ ഏൽപ്പിക്കുകയായിരുന്നു. പൊലീസുദ്യോഗസ്ഥൻ പാമ്പിനെ പിടികൂടുന്നതിന്റെയും അത് അദ്ദേഹത്തിന്റെ കയ്യിൽ ചുറ്റിയിരിക്കുന്നതിന്റെയും ചിത്രങ്ങളും പൊലീസ് ഡിപ്പാർട്ട്മെന്റ് പുറത്തു വിട്ടിട്ടുണ്ട്. പിടികൂടിയ പെരുമ്പാമ്പിനെ പിന്നീട് വനമേഖലയിൽ തുറന്നുവിട്ടു.