ദേവാല വനത്തില്‍ സ്വർണം!; നിരീക്ഷണത്തിന് ഡ്രോൺ, തണ്ടർബോൾട്ട്; 4 പേർ പിടിയിൽ

എടക്കര : ദേവാല വനത്തിലെ അനധികൃത സ്വർണ ഖനനം നടപടി കർശനമാക്കി തമിഴ്നാട് വനം വകുപ്പ്. സ്വർണ ഖനനം നടത്തുന്നവരെ കണ്ടെത്താൻ ഡ്രോൺ ക്യാമറ ഉപയോഗിച്ച് പരിശോധന തുടങ്ങി. 4 പേരെ ഇതിനകം വനം വകുപ്പ് പിടികൂടി. ഇവരിൽ 40,000 രൂപ പിഴ ഈടാക്കി. 

സ്വർണം കണ്ടെത്താൻ തീർക്കുന്ന വലിയ കുഴികളിലും തുരങ്കങ്ങളിലും വന്യമൃഗങ്ങൾ വീണ് ജീവൻ നഷ്ടപ്പെടുന്നത് തുടർ സംഭവമായതോടെയാണ് നടപടി കടുപ്പിച്ചത്.കാട്ടിലേക്ക് കയറുന്ന വഴികളിലെല്ലാം വനപാലകരുടെ സംഘം കാവലാണ്. വനാതിർത്തി പ്രദേശങ്ങളിൽ തണ്ടർബോൾട്ടിന്റെ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ടു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ദേവാല വനത്തിലെ സ്വർണ ഖനനത്തിന്. ബ്രിട്ടിഷ് ആധിപത്യത്തിനു കീഴിലായിരുന്നപ്പോഴാണ് വ്യാവസായികാടിസ്ഥാനത്തിൽ സ്വർണ ഖനനം തുടങ്ങിയത്.

എന്നാൽ, ചെലവിനനുസരിച്ചുള്ള പ്രതിഫലം കിട്ടാതെ വന്നതോടെ ഖനനം ഉപേക്ഷിക്കുകയായിരുന്നു. അതേസമയം ദേവാല വനത്തിലെ സ്വർണത്തരികൾ തദ്ദേശീയരെ ഭാഗ്യാന്വേഷകരാക്കുകയായിരുന്നു. ദേവാലയിലും പരിസരങ്ങളിലുമായുള്ള അനേകം പേരാണ് ഇപ്പോഴും സ്വർണം ഖനനത്തിന് കാടുകയറുന്നത്. പാറകളിൽ സ്വർണത്തിന്റെ അംശം കണ്ടെത്തുന്നതുവരെ കുഴിയെടുക്കും. ഇത്തരത്തിൽ കാട്ടിനുള്ളിൽ അനേകം കുഴികളും തുരങ്കങ്ങളുമാണുള്ളത്.