നിലവിളി കേട്ട് നോക്കി, ഒരു കൈ പൊങ്ങി താഴുന്നു; രക്ഷകനായി അരുൺകുമാർ; സംഭവമിങ്ങനെ

നിലയില്ലാക്കായലിൽ മുങ്ങിത്താഴ്ന്ന അമ്മയ്ക്കും കുഞ്ഞിനും മത്സ്യത്തൊഴിലാളി രക്ഷകനായി. രണ്ടാഴ്ച മുൻപായിരുന്നു ആരും അറിയാതെ പോയ ആ സംഭവം. നല്ല മഴയുള്ള ദിവസമായിരുന്നു അന്ന്. ഞണ്ട് വലയുമായി കുമ്പളം - അരൂർ പാലത്തിനടിയിൽ രാവിലെ കായലിൽ വലയിടുന്നതിനിടെയാണ് അരുൺകുമാർ ആ ശബ്ദം കേട്ടത്. നേർത്തൊരു നിലവിളി കേട്ട് നോക്കിയപ്പോൾ കായലിൽ ദൂരെ മാറി പായൽക്കൂട്ടങ്ങൾക്കിടയിൽ ഒരു കൈ പൊങ്ങി താഴുന്നു. കായലിൽ ഒരു കയ്യിൽ കുട്ടിയെ ചേർത്തു പിടിച്ച് ശ്വാസം കിട്ടാതെ വിഷമിക്കുന്ന യുവതിയെയാണ് കണ്ടത്.

4 വയസ്സ് തോന്നിക്കുന്ന പെൺകുട്ടിയെ ആദ്യം വലിച്ച് വഞ്ചിയിലേക്കിട്ടു. യുവതിയെ ഒരു കയ്യിൽ താങ്ങി വഞ്ചിയുമായി കരയിലേക്ക് പാഞ്ഞു. അരൂർ ഭാഗത്ത് പാലത്തിന്റെ പടിഞ്ഞാറു ഭാഗത്തെ കടവിലടുത്തു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇരുവരെയും കരയിൽ കിടത്തി പ്രാഥമിക ശുശ്രൂഷ നൽകി. വിവരമറിഞ്ഞ് അരൂർ പൊലീസും എത്തി. അവശനിലയിലായ ഇരുവരെയും പൊലീസ് തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചു. അരൂർ സ്വദേശിനിയാണ് യുവതി.

ഗൾഫിൽ ജോലി ചെയ്യുന്ന ഭർത്താവുമായി വഴക്കിട്ടതിനെ തുടർന്നാണ് കുട്ടിയുമായി കായലിൽ ചാടിയതെന്ന് പൊലീസിനോടു പറഞ്ഞു.രക്ഷാപ്രവർത്തനം നടത്തിയ ശേഷം തിരികെ വലയെടുക്കാൻ ചെന്നപ്പോൾ ശക്തമായ വേലിയിറക്കത്തിൽ വല ഒഴുകിപ്പോയിരുന്നു. തനിക്ക് നഷ്ടം നേരിട്ടെങ്കിലും 2 ജീവനുകൾ രക്ഷിക്കാനായതിന്റെ സന്തോഷത്തിലാണ് അരുൺകുമാർ. അരൂർ അരവശ്ശേരിൽ വീട്ടിൽ താമസിക്കുന്ന അരുണിന്റെ ഭാര്യ രഞ്ജിനി കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു.