പാട്ടിന്റെ കടലാഴവുമായി കെ.പി.സുധീര; എസ്.പി.ബിക്കായി പുസ്തകം

പാട്ടിലൂടെ തെന്നിന്ത്യയെ കോരിതരിപ്പിച്ച ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്‍റെ ജീവിതം വരച്ചുകാട്ടി ഒരു പുസ്തകം. എഴുത്തുകാരി കെ.പി സുധീരയാണ് പാട്ടിന്റെ കടലാഴം എന്ന പുസ്തക രചനയ്ക്ക് പിന്നില്‍. എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ഒന്നാം ചരമവാര്‍ഷിക ദിനമായ ശനിയാഴ്ച്ച ഓണ്‍ലൈനായി പുസ്തകം പ്രകാശനം ചെയ്യും. 

ഒരിക്കല്‍ സ്നേഹത്തോടെ എസ്പിയെന്ന് വിളിച്ച അടുത്ത സുഹൃത്ത് ഇനി മടങ്ങി വരില്ലെന്ന് വിശ്വസിക്കാനാകുന്നില്ല കെ.പി സുധീരയെന്ന എഴുത്തുകാരിക്ക്. നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഹൃദയം കൊണ്ട് തൊട്ടറിഞ്ഞിട്ടുണ്ട് ഇരുവരും. ഗായകനായ എസ്പിബിയെ എല്ലാവര്‍ക്കും അറിയാം. അതിനുമപ്പുറം എസ്പി ബാലസുബ്രഹ്മണ്യത്തിന്‍റെ ജീവിതം കൂടി വരച്ചിടുന്നു പാട്ടിന്‍റെ കടലാഴത്തിലൂടെ.

കമലഹാസന്‍, രജനീകാന്ത്, ശ്രീകുമാരന്‍ തമ്പി, കെഎസ് ചിത്ര തുടങ്ങി എസ്.പി ബിയെ അടുത്ത് പരിചയപ്പെട്ട പതിനെട്ടോളം പേരുടെ ഓര്‍മകള്‍. എസ്പിബിയുെട തിരഞ്ഞെടുത്ത നാല്‍പ്പത് പാട്ടുകള്‍. അവയുടെ മലയാളം പരിഭാഷ. ഒപ്പം മഹാഗായകന്‍റെ ജീവചരിത്രവും. ഇത്രയമുണ്ട് പുസ്തകത്തില്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് പാട്ടിന്‍റെ കടലാഴം വിപണിയിലെത്തുക.