ലോണെടുത്ത് കെസിആറിന് ക്ഷേത്രം പണിഞ്ഞു; കടം കയറി; ഇന്ന് വിൽപ്പനയ്ക്ക്

തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനോടുള്ള ഇഷ്ടവും ആരാധനയും കൊണ്ട് അദ്ദേഹത്തിനായി ക്ഷേത്രം പണിഞ്ഞ പ്രവർത്തകൻ ഇന്ന് കടക്കെണിയിൽ. ലോൺ എടുത്ത് ക്ഷേത്രം നിർമിച്ചെങ്കിലും ലോൺ തിരിച്ചടയ്ക്കാൻ വകയില്ലാതെ വന്നതോടെ ക്ഷേത്രം വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണ് ഇദ്ദേഹം. തെലങ്കാനയിലെ മാഞ്ചേരിയലിൽ നിന്നാണ് ഈ വേറിട്ട വാർത്ത. രവീന്ദ്രർ റെഡ്ഢി എന്ന മുൻ സജീവ പ്രവർത്തകനാണ് ലോൺ അടയ്ക്കാൻ ഗതിയില്ലാതെ തന്റെ ക്ഷേത്രം വിൽക്കാൻ വച്ചിരിക്കുന്നത്.

തെലങ്കാന സംസ്ഥാനം രൂപീകരിക്കാൻ കെസിആർ നടത്തിയ പോരാട്ടങ്ങൾ വിജയിച്ചതോടെയാണ് തെലുങ്ക് മക്കൾക്കായി അദ്ദേഹത്തെ ദൈവമായി കണ്ട് ക്ഷേത്രം പണിയാൻ ഇദ്ദേഹം തീരുമാനിച്ചത്. 2016ൽ മൂന്നുലക്ഷം രൂപ ലോൺ എടുത്ത് സ്വന്തം സ്ഥലത്ത് മാർബിൾ പ്രതിമ അടക്കം സ്ഥാപിച്ചാണ് കെസിആറിനായി ക്ഷേത്രം പണിഞ്ഞത്. പണം തിരിച്ചടയ്ക്കാൻ പറ്റാതെ വന്നതോടെ ഇയാൾ പ്രതിസന്ധിയിലായി. കെസിആറിനെയോ മകൻ കെടിആറിനെയോ നേരിൽ കണ്ട് പ്രശ്നങ്ങൾ പറയാൻ ശ്രമിച്ചെങ്കിലും ഇതുവരെ ഇരുവരെയും കാണാൻ പോലും കഴിഞ്ഞിട്ടില്ല. ഒടുവിൽ ഇപ്പോൾ ബിജെപിയിൽ അംഗത്വമെടുത്തിരിക്കുകയാണ് രവീന്ദ്രർ. ഇതിന് പിന്നാലെയാണ് ക്ഷേത്രം ഇദ്ദേഹം വിൽക്കാൻ വച്ചിരിക്കുന്നത്.