കണ്ണു കെട്ടിയും തിരിച്ചുപിടിച്ചും കീ ബോര്‍ഡ് വായിക്കും; റെക്കോഡുകളുടെ കൂട്ടുകാരി

കണ്ണു കെട്ടി കീബോര്‍ഡ് തിരിച്ചുപിടിച്ച് വായിക്കുകയും ഒപ്പം പാട്ടുപാടുകയും ചെയ്ത് ശ്രദ്ധ നേടുകയാണ് കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി അമല രവീന്ദ്രന്‍. മല്‍സര വേദികളില്‍ ശ്രദ്ധിക്കപ്പെടാനായി ചെയ്ത് തുടങ്ങിയ പരീക്ഷണം അമലയ്ക്ക് ഒട്ടേറെ റെക്കോഡുകളാണ് സമ്മാനിച്ചിരിക്കുന്നത്.

കണ്ണ് കെട്ടി കീബോര്‍ഡ് വായിക്കുന്നതില്‍ തീരുന്നില്ല അമലയുടെ പരീക്ഷണം. കീബോര്‍ഡ് പിടിച്ചിരിക്കുന്നത് ശ്രദ്ധിക്കണം, തലതിരിച്ചാണ്. തലതിരിച്ച് താളം തെറ്റാതെ കീബോര്‍ഡ് വായിക്കുന്നത് പോലെ പ്രയാസമാണ് അതിനൊപ്പം പാട്ടുപാടുന്നത്. പക്ഷെ അമലയ്ക്ക് അതും നിഷ്പ്രയാസമാണ്.

നാലാം വയസില്‍ സംഗീതം പഠിച്ച് തുടങ്ങിയ അമല ഈ വിചിത്ര പരീക്ഷണത്തിന് മുതിരാന്‍ കാരണമുണ്ട്. പരീക്ഷണം എന്തായാലും നേട്ടമായി, ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോഡ്സും ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡ്സുമെല്ലാം പ്ളസ് ടു കഴിഞ്ഞ് നില്‍ക്കുന്ന അമലയെ തേടിയെത്തി. ഇതര സംസ്ഥാനങ്ങളിലടക്കം ഒട്ടേറെ വേദികളും ലഭിച്ചിട്ടുണ്ട്. പയ്യന്നൂരിനടുത്ത് പാടിയോട്ടുചാലിലെ രവീന്ദ്രന്‍–ഷീബ ദമ്പതികളുടെ മകളായ അമലയും കുടുംബവും ഇപ്പോള്‍ തിരുവനന്തപുരത്ത് നെടുമങ്ങാടാണ് താമസം.