30 സെക്കന്റിൽ 71 പുഷ് അപ്പ്; അതും ഒറ്റക്കാലിൽ; റെക്കോർഡിൽ ഇടം നേടി മലയാളി

ഒരു കാല്‍ ഉയര്‍ത്തിയുള്ള വണ്‍ ലെഗ് റെയ്‌സ്ഡ് പുഷ് അപ്പില്‍ റെക്കോര്‍ഡുകള്‍ കരസ്ഥമാക്കി പള്ളിക്കത്തോട് സ്വദേശി ജിതിന്‍ ജോസ്. ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്‍ഡ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലുമാണ് ജിതിന്റെ പ്രകടനം ഇടംപിടിച്ചത്. 

മുപ്പത് സെക്കന്‍ഡില്‍ ഒറ്റക്കാലില്‍ 71 പുഷ് അപ്പുകള്‍. ജിതിന്‍റെ റെക്കോര്‍ഡ് നേട്ടത്തിന്‍റെ കണക്കുകള്‍ ഇങ്ങനെ. ലോക്ഡൗണ്‍ കാലത്ത് കണ്ട പുഷ് അപ്പിലെ ഗിന്നസ് റെക്കോര്‍ഡ് പ്രകടനത്തിന്‍റെ വീഡിയോയാണ് പ്രചോദനമായത്.  ഒന്നാംക്ലാസ് മുതല്‍ തുടരുന്ന കരാട്ടേ പരിശീലനം ജിതിന് റെക്കോര്‍ഡ് നേട്ടത്തിന് കരുത്തായി. 

എംബിഎ വിദ്യാര്‍ത്ഥിയായ ജിതിന്‍ പുഷ് അപ്പിനൊപ്പം മറ്റ് സാഹസിക അഭ്യാസങ്ങളും പരിശീലിക്കുന്നുണ്ട്. പൊതിച്ച തേങ്ങ കൈകൊണ്ട് തകര്‍ക്കല്‍, കൈകൊണ്ട് തേങ്ങ പൊതിക്കല്‍, ഓടുകള്‍ ശരീരത്തില്‍ അടിച്ച് തകര്‍ക്കുന്നതുള്‍പ്പെടെ ജിതിന് നിസാരം. 

കാഞ്ഞിരമറ്റം പാറേക്കുളത്ത് ജിജി ജോസഫ് മിനി ദമ്പതികളുടെ മകനാണ് ജിതിന്‍. സഹോദരിമാരായ ജിനു, ജീത്തു എന്നിവരും ജിതിന് പ്രോത്സാഹനവുമായി രംഗത്തുണ്ട്. പുതിയ റെകോര്‍ഡുകള്‍ സ്വന്തമാക്കാനുള്ള ജിതിന്‍റെ ശ്രമങ്ങള്‍ തുടരുകയാണ്.