കൃത്രിമ ഗർഭധാരണത്തിലൂടെ 74–ാം വയസ്സിൽ ഇരട്ട പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകി ആന്ധ്ര സ്വദേശിനി മങ്കയമ്മ ഗിന്നസ് ബുക്കിലേക്ക്. 56 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് മങ്കയമ്മ– രാജാറാവു ദമ്പതികളെത്തേടി ഇരട്ട സൗഭാഗ്യമെത്തിയത്. ഗുണ്ടൂരിലെ അഹല്യ നഴ്സിങ് ഹോമിൽ സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞുങ്ങളും അമ്മയും സുഖമായിരിക്കുന്നു.

 

 2006 ൽ 66–ാം വയസ്സിൽ ഇരട്ടകൾക്കു ജന്മം നൽകിയ സ്പെയിൻകാരി മരിയ ഡെൽ കാർമന്റെ പേരിലാണ് നിലവിലുള്ള റെക്കോർഡ്. ‌55 വയസ്സുകാരിയായ അയൽക്കാരിക്ക് കൃത്രിമ ഗർഭധാരണ മാർഗമായ ഇൻവിട്രോ ഫെർട്ടിലൈസേഷൻ വഴി കുഞ്ഞു പിറന്നതോടെയാണ് മങ്കയമ്മ, ചന്ദ്രബാബു നായിഡു മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരുന്ന ഡോ. അരുണയെ സമീപിച്ചത്. ജനുവരിയിൽ ഗർഭം ധരിച്ച മങ്കയമ്മ 10 ഡോക്ടർമാരുടെ പരിചരണത്തിലായിരുന്നു ഇക്കാലമത്രയും.

 

പ്രമേഹം, രക്താതിമർദം ഉൾപ്പെടെയുള്ള രോഗങ്ങളൊന്നുമില്ലാതിരുന്നത് കൂടുതൽ അനുഗ്രഹമായെന്ന് ഡോ. അരുണ പറഞ്ഞു. ആന്ധ്രയിൽ ഗർഭകാലത്തിന്റെ അവസാനം നടത്തുന്ന സീമന്തം ചടങ്ങു വരെ ആശുപത്രിയിലാണു നടത്തിയത്.