ഇടക്ക് കാണാൻ വരണം; വിശന്നിരിക്കരുത്; മാതാപിതാക്കളോട് മകൻ; കണ്ണീർ വിഡിയോ

കാഴ്ചക്കാരുടെ കണ്ണ് നനച്ച്നഗരത്തിൽ ജോലി ചെയ്യുന്ന മാതാപിതാക്കൾക്കായി മകൻ അയച്ച വിഡിയോ. വടക്കൻ ചൈനയിലെ ഹെബി പ്രവിശ്യയിലെ സ്കൂളിൽ പഠിക്കുന്ന ലിയു എന്ന 12 വയസുകാരനെയാണ് വിഡിയോയിൽ കാണുന്നത്. ബെയ്ജിങിൽ മാലിന്യം നീക്കം ചെയ്യുന്ന ജോലി ചെയ്യുകയാണ് ലിയുവിന്റെ മാതാപിതാക്കൾ. ലിയുവിന്റെ അധ്യാപകനാണ് വിഡിയോ റെക്കോഡ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. 

''ബെയ്ജിങിൽ തന്നെ ജോലി ചെയ്യാതെ തന്നെ ഇടയ്ക്ക് വന്ന് കാണണം. തളർന്നുപോകരുത്, വഴക്കുണ്ടാക്കരുത്, നേരം വൈകി ഉറങ്ങരുത്, ഭക്ഷണം കഴിക്കണം,  ലഞ്ച് ബോക്സ് മറക്കരുത്, പണം ലാഭിക്കാൻ വേണ്ടി ആഹാരം കഴിക്കാതിരിക്കരുത്'', കണ്ണു നിറഞ്ഞൊഴുകുമ്പോളും ലിയു പറഞ്ഞുകൊണ്ടേയിരിക്കുകയാണ്.... 

അധ്യാപകന്റെ ചോദ്യങ്ങൾക്ക് കണ്ണുനീരോടെയാണെങ്കിലും വ്യക്തമായ മറുപടികളും പറയുന്നുണ്ട്. അച്ഛനും അമ്മയും വെറും മൂന്ന് മണിക്കൂർ മാത്രമാണ് ഉറങ്ങുന്നത്, ചില ദിവസങ്ങളിൽ അവർ ഉറങ്ങാറേയില്ല. അച്ഛന്‍ വന്ന് അല്പം നേരം ഉറങ്ങിയിട്ട് വീണ്ടും ജോലിയ്ക്കു പോകും. തനിക്കും സഹോദരിയ്ക്കും മുത്തശ്ശനും വേണ്ടിയാണ് അവർ ഇത്രയേറെ കഷ്ടപ്പെടുന്നത്. വലുതാകുമ്പോൾ താൻ പട്ടാളത്തിൽ ചേരുമെന്നും  അതിന് ശേഷം തനിക്ക് നല്ലൊരു ജോലി കണ്ടുപിടിക്കാനാകുമെന്നും ലിയു പറയുന്നു. വീട്ടിൽ നിന്നും അധികം ദൂരമില്ലാത്തൊരിടത്ത് ജോലി ചെയ്യും, അപ്പോൾ മാതാപിതാക്കൾക്ക് എന്നും പണം കൊടുക്കാൻ സാധിക്കുമല്ലോയെന്നും ലിയു പറയുന്നു.

എത്രയും വേഗം ലിയുവിന് തന്റെ കുടുംബവുമായി ചേരാൻ സാധിക്കട്ടെയെന്നും അവൻ നല്ല വിവേചന ബുദ്ധിയുള്ള കുട്ടിയാണെന്നും ഒരിക്കൽ അവൻ ഉയരങ്ങളിലെത്തുമെന്നും വിഡിയോയിൽ അധ്യാപകന്‍ കുറിച്ചു.