വളർത്തുനായയെ പതിവായി കാണാൻ എത്തുന്ന മാൻകുട്ടി; പിന്നിലെ കഥ ഇങ്ങനെ

ഒരു മാൻകുട്ടിയും വളർത്തുനായയും തമ്മിലുള്ള അപൂർവസ്നേഹത്തിന്റെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ റാൽഫ് ഡോൺ എന്ന വ്യക്തി പങ്കിടുന്നത്. ജീവൻരക്ഷിച്ച് അമ്മയോ പോലെ പരിചരിച്ച നായയെ കാണാൻ മുടങ്ങാതെ എത്തും ഈ മാൻകുട്ടി. കഥ ഇങ്ങനെ.  വെർജീനിയ നിവാസിയായ ഡോൺ 6 വയസ്സുള്ള ഹാർലി എന്ന ഗോൾഡൻ ഡൂഡിൽ വിഭാഗത്തിൽ പെട്ട നായയാണ് ഈ കഥയിലെ താരം.

തടാകത്തിൽ പെട്ടുപോയ മാൻകുട്ടിയെ നായ സാഹസികമായി രക്ഷിച്ചു. അപകടമൊന്നും സംഭവിക്കാതെ മാൻകുട്ടിയുടെ ഒപ്പം നീന്തി അതിനെ സുരക്ഷിതമായി കരയ്ക്കെത്തിച്ചപ്പോഴാണ് ഹാർലിക്ക് സമാധാനമായത്. കരയിലെത്തിച്ച മാൻ കുഞ്ഞിനെ ഹാർലി നക്കിത്തുടച്ച് വൃത്തിയാക്കുകയും ചെയ്തു. മാൻകുഞ്ഞ് എങ്ങനെയാണ് തടാകത്തിലകപ്പെട്ടതെന്ന കാര്യം വ്യക്തമല്ല. പിന്നീട് മാൻകുഞ്ഞ് അതിനെ കാത്തു നിന്ന അമ്മയ്ക്കൊപ്പവും ഹാർലി ഉടമയ്ക്കൊപ്പം വീട്ടിലേക്കും മടങ്ങി.

കുറച്ചു ദിവസങ്ങൾക്ക് ശേഷം ഹാർലി വീടിനു പുറത്തു പോകാൻ തിടുക്കം കൂട്ടുന്നത് കണ്ടു. ഉടൻതന്നെ ഡോൺ വാതിൽ തുറന്ന് ഹാർലിയെ പുറത്തേക്ക് വിടുകയും ചെയ്തു. ശ്രദ്ധിച്ചപ്പോഴാണ് മരത്തിനു സമീപം നിൽക്കുന്ന മാൻകുട്ടിയെ കണ്ടത്. മാൻകുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് പുറത്തുപോകാൻ ഹാർലി തിടുക്കം കൂട്ടിയത്. ഹാർലി മാൻകുഞ്ഞിന്റെ അരികിലെത്തിയതും അത് സ്നേഹത്തോടെ വാലാട്ടിക്കൊണ്ട് ചേർന്നു നിന്നു. പരസ്പരം മണത്തു നോക്കിയും തൊട്ടു നോക്കിയുമൊക്കെ അൽപ സമയം ചെലവഴിച്ച ശേഷമാണ് മാൻകുഞ്ഞ് അമ്മയ്ക്കൊപ്പം കാട്ടിലേക്ക് മടങ്ങിയത്.  അവർ പോയ ഉടനെ ഹാർലി ശാന്തനായി വീട്ടിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. അപൂർവ സ്നേഹത്തിന്റെ കഥ പറയുന്ന ചിത്രങ്ങളും വിഡിയോകളും റാൽഫ് ഡോൺ പങ്കുവച്ചിട്ടുണ്ട്.