കഴുത്തറ്റം വെള്ളത്തിൽ ചെളി കോരും; ദിവസം കിട്ടുന്നത് 1200; 500 രൂപ നിർധനർക്ക്

കഴുത്തറ്റം വെള്ളത്തിൽ നിന്ന് ചെളി മണ്ണ് കോരിയാൽ ഒരു ദിവസം 1200 രൂപയാണ് കായംകുളംകാരൻ രാജേഷിന് ലഭിക്കുന്നത്. അപ്പോഴും രാജേഷിന്റെ ചിന്ത  രോഗങ്ങളോട് മല്ലടിക്കുന്ന നിർധനരെക്കുറിച്ചാണ്. ദിവസവരുമാനത്തില്‍ നിന്നും 300 രൂപ മുതൽ 500 രൂപ വരെ അവർക്കായി മിക്ക ദിവസങ്ങളിലും ഇദ്ദേഹം നൽകും. 

പുരയിടങ്ങളിലെ കൃഷിക്കായി വള്ളത്തിൽ ചെളിമണ്ണ് വെട്ടിക്കയറ്റി വീട്ടുകാർക്ക് എത്തിക്കുന്ന അത്യധ്വാനമുള്ള ജോലിയാണ് 42 കാരനായ രാജേഷ്കുമാർ ചെയ്യുന്നത്. പുലർച്ചെ 5 ന് കായംകുളം കായലിൽ ചെളിമണ്ണ് വാരാനിറങ്ങും. രാജേഷിന്റെ സഹായത്തിൽ നൂറ് കണക്കിനാൾക്കാരാണ് മരുന്ന് വാങ്ങിയും പട്ടിണിയകറ്റിയും കഴിയുന്നത്.ഹെൽത്ത് സെന്ററുകളിൽ നിന്ന് കുറിച്ചു നൽകുന്ന മരുന്ന് വാങ്ങാൻ പോലും പണമില്ലാതെ വിഷമിക്കുന്നവർക്ക് അഭയമാണ് അദ്ദേഹം. കാൻസർ രോഗികൾക്കും മറ്റും മരുന്ന് വാങ്ങാൻ രാജേഷിന്റെ വരുമാനം കൊണ്ട് തികയാതെ വരുമ്പോഴും  അവരെ നിരാശപ്പടുത്താറില്ല. അതിനായി മുന്നിട്ടിറങ്ങി അധിക പണം കണ്ടെത്തി അവരുടെ ആവശ്യങ്ങൾ നിറവേറ്റും.

സിഐടിയു തൊഴിലാളി യൂണിയൻ അംഗമായ  രാജേഷ് കെകെസി പാലിയേറ്റീവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്. ആ അനുഭവങ്ങളാണ് ഇത്തരം സന്നദ്ധപ്രവർത്തനങ്ങൾ ചെയ്യാൻ രാജേഷിനെ പ്രേരിപ്പിക്കുന്നത്.