ഡയാനയുടെ കാർ ലേലത്തിന്; 'ഫോഡ് എസ്കോർട്ട്' സമ്മാനിച്ചത് ചാള്‍സ്

ഡയാന രാജകുമാരിക്ക് ചാൾസ് രാജകുമാരൻ സമ്മാനമായി നൽകിയ കാർ ലേലത്തിന്. ബ്രിട്ടീഷ് രാജകുടുംബാംഗമായിരിക്കെ ഡയാന രാജകുമാരി ഉപയോഗിച്ചിരുന്ന 1981 മോഡൽ ഫോഡ് ‘എസ്കോർട്ട് ഘിയ’ സൂലണാണ് ഈ 29ന് എസ്സെക്സിൽ റീമാൻ ഡാൻസി സംഘടിപ്പിക്കുന്ന റോയൽറ്റി, ആന്റിക്സ് ആൻഡ് ഫൈൻ ആർട് സെയിലിൽ വിൽപനയ്ക്കെത്തുക. രാജകീയ വിവാഹത്തിനു രണ്ടു മാസം മുമ്പ് നടത്തിയ വിവാഹ നിശ്ചയ വേളയിൽ ചാൾസ് സമ്മാനിച്ചതാണ് ഈ ഫോഡ് എസ്കോർട്ട്. 

1981 മേയിൽ ലഭിച്ച, അഞ്ച് വാതിലുള്ള ഹാച്ച്ബാക്കായ കാർ 1982 ഓഗസ്റ്റ് വരെ ഡയാന രാജകുമാരി ഉപയോഗിക്കുകയും ചെയ്തിരുന്നു. 1997 ഓഗസ്റ്റ് 31 നാണ് ഡയാന വാഹനാപകടത്തിൽ കൊല്ലപ്പെടുന്നത്. 

83,000 മൈൽ(ഏകദേശം 1,33,575 കിലോമീറ്റർ) ഓടിയ കാറിന്റെ നിറത്തിലോ അപ്ഹോൾസ്ട്രിയിലോ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഡയാനയുടെ സഹോദരിയായ ലേഡി സാറ സ്പെൻസർ നൽകിയ സമ്മാനത്തെ അനുസ്മരിപ്പിക്കുന്ന, വെള്ളിയിൽ തീർത്ത തവള ചിഹ്നവും കാറിന്റെ ബോണറ്റിൽ കാണാം. അതുകൊണ്ടുതന്നെ ചരിത്രപരമായ പ്രാധാന്യമുള്ള വാഹനങ്ങൾ തേടുന്നവരെ സംബന്ധിച്ചിടത്തോളം ഈ കാർ സുപ്രധാനമാണെന്നും റീമാൻ ഡാൻസി കരുതുന്നു. ഡയാന രാജകുമാരി ഈ ‘എസ്കോർട്ട്’ ഓടിക്കുന്ന ധാരാളം ചിത്രങ്ങൾ മുമ്പു പ്രചരിച്ചിരുന്നു; ഈ കാറിലിരുന്നു ദൂരെ മൈതാനത്തു പോളോ കളിക്കുന്ന ചാൾസ് രാജകുമാരനെ നിരീക്ഷിക്കുന്ന ഡയാനയുടെ ചിത്രമാണ് ഇവയിൽ ഏറെ ശ്രദ്ധേയം.