ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ; 18 വയസിൽ താഴെയുള്ളവർ നിരാശരായേക്കാം

പബ്ജിയുടെ ഇന്ത്യൻ വേർഷൻ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യയ്ക്കായി ആകാംഷയോടെ കാത്തിരിക്കുന്നവർ ഏറെയാണ്. എന്നാൽ പുതിയ പ്രൈവസി പോളിസികൾ പബ്ജി മൊബൈൽ ആരാധകരെ നിരാശരാക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. നിലവിൽ ഇന്ത്യയിൽ ലഭ്യമായിരുന്ന പബ്ജി മൊബൈലിന്റെ പ്രൈവസി പോളിസികളിൽ നിന്ന് ഏറെ വ്യത്യസ്തമായിരിക്കും ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യയുടേതെന്നാണ് റിപ്പോർട്ടുകൾ. ബാറ്റിൽഗ്രണ്ട്സ് മൊബൈൽ ഇന്ത്യ ഡെവലപ്പർമാരായ ക്രാഫ്റ്റൺ മുൻ ഗെയിമുകളിൽ നിന്ന് വ്യത്യസ്തമായ പോളിസികളാകും ഇന്ത്യയിൽ നൽകുക. 

2020 സെപ്റ്റംബറിലാണ് സുരക്ഷാ കാരണങ്ങളാൽ കേന്ദ്രസർക്കാർ പബ്ജി മൊബൈൽ ഇന്ത്യയിൽ റദ്ദാക്കിയത്. അതിനാൽ കേന്ദ്രസർക്കാർ പുറത്തിറക്കിയിരിക്കുന്ന ഇന്ത്യൻ സുരക്ഷാ നയങ്ങൾക്ക് അനുസരിച്ചായിരിക്കും ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ എത്തുക. ബാറ്റിൽഗ്രൗണ്ട് മൊബൈൽ ഇന്ത്യയിൽ പ്രൈവസി പോളിസിയിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങൾ ഇവയാണ്. 

1) ബാറ്റിൽ ഗ്രൗണ്ട് മൊബൈൽ ഇന്ത്യ ഇൻസ്റ്റാൾ ചെയ്യുന്ന 18 വയസിൽ താഴെയുള്ള എല്ലാവരും അവരുടെ മാതാപിതാക്കളിൽ നിന്ന് അനുവാദം വാങ്ങിയിരിക്കണം. 

2 ) പതിനെട്ട് വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് മൂന്ന് മണിക്കൂർ മാത്രമേ ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ കളിക്കാനാകൂ. 

3.) പതിനെട്ട് വയസിൽ താഴെ പ്രായമുള്ള കുട്ടികൾ ബാറ്റിൽ ഗ്രൗണ്ട് മൊബൈൽ ഇന്ത്യയിൽ രജിസ്റ്റർ ചെയ്യണമെങ്കിൽ മാതാപിതാക്കളുടെ മൊബൈൽ നമ്പർ കൺഫർമേഷനായി നൽകണം. 

4.) കുട്ടി കൂടുതൽ നേരം ഗെയിം കളിക്കുന്നതായോ ഗെയിമിന് അടിമപ്പെട്ടതായോ മാതാപിതാക്കൾക്ക് തോന്നിയാൽ ഗെയിം നിർമാതാക്കളെ ബന്ധപ്പെട്ട് കുട്ടിയുടെ അക്കൗണ്ട് ഡിസേബിൾ ചെയ്യിക്കുന്നതിനുള്ള സൗകര്യവുമുണ്ട്.