കുടുംബത്തെ സഹായിക്കാൻ സോക്സ് വില്‍ക്കുന്ന കുട്ടി; സഹായവുമായി അമരീന്ദർ

കുടുംബത്തെ സഹായിക്കാൻ സോക്സ് വിൽക്കുന്ന പത്തുവയസുകാരന്റെ വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വൻഷ് സിങ് എന്നാണ് വിഡിയോയിൽ കാണുന്ന ബാലന്റെ പേര്. വിഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് കുട്ടിയെ നേരിട്ട് വിഡിയോ കോൾ ചെയ്യുകയും കുടുംബത്തിന് 2 ലക്ഷം രൂപ അടിയന്തര സാമ്പത്തിക സഹായം പ്രഖ്യാപിക്കുകയും ചെയ്തു എന്നതാണ് ഇത് സംബന്ധിച്ച് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വാർത്ത. പഠിക്കാനുള്ള വൻഷിന്റെ ആഗ്രഹമറിഞ്ഞ മുഖ്യമന്ത്രി അവൻ നേരത്തെ പഠിച്ച സ്കൂളിൽ തുടർ പഠനത്തിനുള്ള സൗകര്യവും ഒരുക്കിക്കൊടുത്തു. തന്റെ ട്വിറ്റർ പേജിൽ മുഖ്യമന്ത്രി വൻഷിന്റെ വിഡിയോ പങ്കുവച്ചിരുന്നു. 

അച്ഛനും അമ്മയും മൂന്ന് സഹോദരിമാരും ഒരു ജ്യേഷ്ഠനും അടങ്ങിയതാണ് വൻഷിന്റെ കുടുംബം. വാടകവീട്ടിലാണ് താമസം. അച്ഛൻ പരംജിത് സോക്സ് വിൽപ്പനക്കാരനും അമ്മ റാണി വീട്ടമ്മയുമാണ്. സാമ്പത്തിക പരാധീനതകൾ മൂലം രണ്ടാം ക്ലാസിൽ പഠനം നിർത്തേണ്ടി വന്നു വൻഷിന്. 

''നീ നേരത്തെ പഠിച്ച അതേ സ്കൂളിൽ ചേർക്കാൻ ഞാൻ ഡെപ്യൂട്ടി കമ്മീഷണറെ അറിയിക്കുന്നുണ്ട്. നിങ്ങളുടെ കുടുംബത്തിനും സഹായം നൽകും. നന്നായി പഠിച്ച് മിടുക്കനാകണം'', അമരീന്ദർ സിംഗ് വിഡിയോ കോളിലൂടെ പറഞ്ഞു.