വിൻസന്‍റ് ഗോമസും 2255 എന്ന നമ്പറും; ഇടറുന്ന ഓർമകളിലൂടെ മോഹൻലാൽ

mohanlal-dennis
SHARE

തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിന്റെ നിര്യാണം മലയാള സിനിമാ ലോകത്തെ തീരാനഷ്ടമാണ്. തന്നെ സൂപ്പർതാരമായി ഉയർത്തിയ എഴുത്തുകാരന്റെ നഷ്ടത്തിന്റെ വേദനയും ഓർമകളും മോഹൻലാൽ മനോരമ ന്യൂസിനോട് പങ്കുവച്ചു. 

മോഹൻലാലിന്റെ വാക്കുകള്‍: എന്റെ സിനിമാ ജീവിത്തിലെ പ്രധാന ചിത്രമാണ് രാജാവിന്റെ മകൻ. പിന്നീട് അദ്ദേഹം സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളിലും അഭിനയിക്കാൻ സാധിച്ചു. അപ്പുവും മനു അങ്കിളും. രാജാവിന്റെ മകന്റെ രണ്ടാം ഭാഗം ആലോചനയിലിരിക്കുകയായിരുന്നു. ഇനി അത് നടക്കില്ല. അന്നത്തെ കാലത്ത് ഇതുപോലൊരു സിനിമ എഴുതുക. എന്നെ അതിലേക്ക് കാസ്റ്റ് ചെയ്യുക എന്നതൊക്കെ വലിയ കാര്യമാണ്. വിൻസന്റ് ഗോമസും 2255 എന്ന നമ്പറും ഒക്കെ ഇന്നും ഓർത്തിരിക്കുന്നു എന്ന് പറയുന്നത് തന്നെ തിരക്കഥാകൃത്തിന്റെ കഴിവ് തന്നെയാണ്. എനിക്കെപ്പോഴും വിധേയത്വമുള്ള എഴുത്തുകാരൻ തന്നെയാണ് ഡെന്നീസ് ജോസഫ്. ഈ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നു. വിഡിയോ കാണാം.

ഫെയ്സ്ബുക്കിലൂടെയും മോഹൻലാല്‍ തന്റെ അനുശോചനം രേഖപ്പെടുത്തി. മോഹൻലാല്‍ കുറിച്ചത്: കുറിയ്ക്കുമ്പോള്‍ ഓര്‍മ്മകള്‍ ക്രമം തെറ്റി വന്ന് കൈകള്‍ പിടിച്ചു മാറ്റുന്നപോലെയാണ് തോന്നുന്നത്. തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസ്. ആ രാജാവിന്‍റെ മക്കളായി പിറന്ന ഒട്ടേറേ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള ഭാഗ്യം സിദ്ധിച്ച ഒരാളാണ് ഈ ഞാനും. സൗമ്യമായ പുഞ്ചിരിയില്‍ ഒളിപ്പിച്ചുവെച്ച,  തിരിച്ചൊന്നും  പ്രതീക്ഷിക്കാതിരുന്ന സ്നേഹമായിരുന്നു ഡെന്നീസ്. വെള്ളിത്തിരകളെ ത്രസിപ്പിക്കുന്ന എത്രയെത്ര ചടുലന്‍ കഥകള്‍, വികാര വിക്ഷോഭങ്ങളുടെ തിരകള്‍ ഇളകിമറിയുന്ന സന്ദര്‍ഭങ്ങള്‍, രൗദ്രത്തിന്‍റെ തീയും പ്രണയത്തിന്‍റെ  മധുരവും വേദനയുടെ കണ്ണീരുപ്പും നിറഞ്ഞ സംഭാഷണങ്ങള്‍. ആര്‍ദ്രബന്ധങ്ങളുടെ കഥകള്‍  തൊട്ട്  അധോലോകങ്ങളുടെ കുടിപ്പകകള്‍ വരെ  മലയാള സിനിമയ്ക്ക് സമ്മാനിച്ച അതുല്യ പ്രതിഭ. എത്ര പറഞ്ഞാലും  തീരില്ല ഡെന്നീസുമായുള്ള ആത്മബന്ധം. അതുകൊണ്ടുതന്നെ പാതിപറഞ്ഞ് നിര്‍ത്തുന്നു, ഇടറുന്ന വിരലുകളോടെ...

MORE IN SPOTLIGHT
SHOW MORE
Loading...
Loading...